Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിൽ നിന്നും പിന്മാറിയാൽ കാമുകന്‍ പെട്രോളൊഴിച്ചു കത്തിക്കും, പ്രേമിച്ചാല്‍ അച്ഛന്‍മാര്‍ വെട്ടിക്കൊല്ലും; ഇത് എന്തൊരു ലോകം?

പ്രണയത്തിൽ നിന്നും പിന്മാറിയാൽ കാമുകന്‍ പെട്രോളൊഴിച്ചു കത്തിക്കും, പ്രേമിച്ചാല്‍ അച്ഛന്‍മാര്‍ വെട്ടിക്കൊല്ലും; ഇത് എന്തൊരു ലോകം?
, വെള്ളി, 5 ഏപ്രില്‍ 2019 (09:30 IST)
കേരളത്തില്‍ പ്രണയത്തിന്റെ പേരു പറഞ്ഞുള്ള അക്രമണങ്ങളും കൊലപാതകങ്ങളും വർധിക്കുകയാണ്. കെവിനും ആതിരയും രമ്യയും അങ്ങനെ നീളുന്നു പ്രണയത്തിന്റെ പേരിൽ ജീവൻ ബലി നൽകേണ്ടി വന്നവരുടെ ലിസ്റ്റ്. അതിൽ അവസാനത്തേത് ആണ് നീതു.  
 
പ്രേമിക്കാത്തതിന്റെയും പ്രേമിച്ചതിന്റെയും പേരില്‍ ദാരുണമായ കൊലപാതകങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്ന സാഹചര്യത്തില്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. തൃശൂരില്‍ 22 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമൂഹത്തിന്റെ മനോനിലയ്‌ക്കെതിരേ ചോദ്യം ഉന്നയിച്ച് തുമ്മാരുകുടി രംഗത്തു വന്നിരിക്കുന്നത്.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
 
കത്തുന്ന പ്രേമം.
 
ഇന്നിപ്പോള്‍ തൃശൂരില്‍ ഒരു പെണ്‍കുട്ടി കൂടി ‘പ്രണയാഭ്യര്‍ത്ഥന’ നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടിരുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും ?. എന്താണ് ഇതൊരു പകര്‍ച്ച വ്യാധി പോലെ കേരളത്തില്‍ പടരുന്നത് ?
 
ഈ വിഷയത്തില്‍ ഞാന്‍ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാല്‍ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കില്‍ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കില്‍ അതിന് പ്രത്യാഘാതം ഉണ്ടാക്കണം.
 
ഒരു കണക്കിന് ചിന്തിച്ചാല്‍ കേരളത്തില്‍ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്.പ്രേമിക്കാതിരുന്നാല്‍ ‘കാമുകന്‍’ പെട്രോളൊഴിച്ചു കൊല്ലും കത്തിക്കും. അഥവാ പ്രേമിച്ചാല്‍ വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍മാര്‍ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടില്‍ പറയാതെ കല്യാണം കഴിച്ചാല്‍ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോകം ?
 
കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും ഒക്കെ സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികള്‍ക്ക് ഇഷ്ടം തോന്നിയാല്‍ അത് പരസ്പരം പറയാനും വീട്ടില്‍ പറയാനും ഉള്ള സ്വാതന്ത്ര്യം വേണം. ഏതെങ്കിലും ഒരാള്‍ മകളോട് പ്രേമാഭ്യര്‍ത്ഥന നടത്തി എന്ന് കേട്ടാല്‍ ഒന്നുകില്‍ ‘അവനു രണ്ടു കൊടുക്കണം’ എന്നോ അല്ലെങ്കില്‍ ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാന്‍ പോകേണ്ട’എന്നൊക്കെ പറയുന്ന മാതാപിതാക്കള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വീട്ടില്‍ പറയാന്‍ കുട്ടികള്‍ മടിക്കും. ഇക്കാര്യത്തില്‍ ഒക്കെ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കണം, സ്‌കൂളുകളിലും കോളേജിലും ഒക്കെ കൗണ്‍സലിംഗ് ആയി വിവരം അവതരിപ്പിക്കണം. അതില്‍ കൂടുതല്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് വേണം, ഇതൊരു കുട്ടി പ്രശ്നം അല്ല.
 
ഇനിയും പ്രേമത്തിന്റെ പേരില്‍ കുട്ടികള്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കട്ടെ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം