നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തര്‍ക്കം; മാധവ് സുരേഷിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു
വ്യാഴം രാത്രി 11 മണിക്കായിരുന്നു സംഭവം
ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. വാഹനത്തിനു സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് കെപിസിസി അംഗം വിനോദ് കൃഷ്ണയുമായാണ് മാധവ് സുരേഷ് ഏറ്റുമുട്ടിയത്.
വ്യാഴം രാത്രി 11 മണിക്കായിരുന്നു സംഭവം. നടുറോഡില്‍ വെച്ച് വിനോദ് കൃഷ്ണയുടെ വാഹനം മാധവ് സുരേഷ് തടഞ്ഞുനിര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് 15 മിനിറ്റോളം ഇരുവരും റോഡില്‍ നിന്ന് തര്‍ക്കിച്ചു. ഇതോടെ മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
രണ്ട് പേര്‍ക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. വിനോദ് രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് ഇരുവരും സംസാരിച്ച് ധാരണയായി. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു.