വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ആ ഫാൻസ് ഞങ്ങളല്ല: കസബ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി ഫാൻസ് നേതൃത്വം
പാർവതിയെ തെറി വിളിക്കുന്ന 'മമ്മൂട്ടി ആരാധകരെ' അദ്ദേഹം അംഗീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ല: മമ്മൂട്ടി ഫാൻസ് നേതൃത്വം
മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തേയും അതിലെ നായകകഥാപാത്രത്തേയും രൂക്ഷമായി വിമർശിച്ച നടി പാർവതിക്കെതിരെയുള്ള തേജോവധം സോഷ്യൽ മീഡിയകളിൽ ഇപ്പോഴും തുടരുകയാണ്. കസബ വിവാദത്തില്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷൻ ഇന്റർനാഷണലിന്റെ സംസ്ഥാന നേതൃത്വം ഇതാദ്യമായി പരസ്യ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ, മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണക്കുന്ന ആളല്ല മമ്മൂട്ടിയെന്ന് നേതൃത്വം വ്യക്തമാക്കുന്നു. പല ഘട്ടങ്ങളിലും ആരാധകരോടും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യത്തില്‍ തന്റെ കര്‍ശന നിലപാട് മമ്മൂക്ക അറിയിച്ചിട്ടുണ്ട് എന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
നേതൃത്വത്തിന്റെ നിലപാട്:
ചലച്ചിത്രമേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂക്കയെന്നതിന് പുതുതായി ഉദാഹരണങ്ങളൊന്നും വേണ്ട. തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ, മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണക്കുന്ന ആളല്ല മമ്മൂട്ടി. പല ഘട്ടങ്ങളിലും ആരാധകരോടും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യത്തില്‍ തന്റെ കര്‍ശന നിലപാട് മമ്മൂക്ക അറിയിച്ചിട്ടുണ്ട്. മമ്മൂക്കയുടെ സിനിമയെയും കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ട്.
വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത് അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടി ആരാധകരും. കസബയെ പാര്‍വതി വിമര്‍ശിക്കുന്നതിന് എത്രയോ മുമ്പ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളായി മാറിയപ്പോള്‍ ആ ട്രോളുകളില്‍ പലതും സ്വന്തം ഫേസ്ബുക്ക് പേജില്‍ മമ്മൂക്ക ഷെയര്‍ ചെയ്തിരുന്നു. ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ രൂപമെന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയത്. എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന ഈ മഹാനടന്റെ ആരാധകരും ആ പാതയാണ് പിന്തുടരുന്നത്.
മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടന ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്കും മറ്റ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളും, എല്ലാ അംഗങ്ങളും ഈ മഹാനടന്റെ പേരിലുള്ള സംഘടനയുടെ കര്‍മ്മമേഖല പൊതുസേവനമാകണം എന്ന ചിന്തയിലാണ് കുറേ കാലമായി പ്രവര്‍ത്തിക്കുന്നത്.
ഹൃദ്രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും, ആദിവാസികുടികളിലെ സർവ്വോന്മുഖ ക്ഷേമ പ്രവർത്തനങ്ങളും , ആയിരക്കണക്കിന് നിർധനരെ കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന “കാഴ്ച “ പദ്ധതിയും , നിരാലംബരായ വൃക്ക രോഗികളെ സഹായിക്കുന്ന “ സുകൃതം “ പദ്ധതിയും
ഉൾപ്പടെ നമുക്ക് ചുറ്റുമുള്ളവർക്കു കൈത്താങ്ങാകാനുമാണ് ഞങ്ങള്‍ക്കൊപ്പമുള്ളവര്‍ ശ്രമിക്കുന്നത്.
മമ്മൂട്ടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചും, മമ്മൂട്ടിയുടെ ആരാധകരെന്ന അവകാശവാദമുന്നയിച്ചും ആര്‍ക്കെതിരെയും അധിക്ഷേപം നടത്തുന്നതും, സൈബര്‍ ആക്രമണവും മമ്മൂട്ടിയോ, അദ്ദേഹത്തോടുള്ള സ്‌നേഹത്താല്‍ രൂപമെടുത്ത സംഘടനയോ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തികള്‍ക്ക് സംഘടന ഉത്തരവാദികളുമല്ല.