ഷിരൂര്‍ മണ്ണിടിച്ചില്‍: ലോറി ഉടമ മനാഫിനെതിരെ കേസ്, പരാതി നല്‍കിയത് അര്‍ജുന്റെ സഹോദരി
മനാഫിനെതിരെ അര്‍ജുന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ ചേവായൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പാണ് ചുമത്തിയത്. കുടുംബത്തിന്റെ വൈകാരികതയും മാനസികാവസ്ഥയും മനാഫ് മുതലെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മനാഫിനെതിരെ അര്‍ജുന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അര്‍ജുനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചുവെന്നാണ് ആരോപണം. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം മനാഫ് വ്യക്തിപരമായ ചില നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചെന്നും കുടുംബം ആരോപിക്കുന്നു.
അര്‍ജുന്റെ പേരില്‍ മനാഫ് യുട്യൂബ് ചാനല്‍ ആരംഭിച്ചെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ മനാഫ് തള്ളി. താന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ് മനാഫ് പറഞ്ഞത്. ഇനി വിവാദത്തിനില്ലെന്നും അര്‍ജുന്റെ കുടുംബത്തിനു എന്തെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മനാഫ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.