തിരുവനന്തപുരം: എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറിയ മാണി സി കാപ്പനെ ഘടകകഷിയാക്കുന്നതിൽ തിരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമാണെന്നും അദ്ദേഹം കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കട്ടെയെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. മൂന്ന് സിറ്റുകൾ കാപ്പനും കൂട്ടർക്കും വാഗ്ദാനം ചെയ്തു എന്ന റിപ്പോർട്ടുകളും മുല്ലപ്പള്ളി തള്ളി.
കാപ്പനെ ഘടകകക്ഷിയാക്കുന്നതിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. ഹൈക്കമാൻഡിന്റെ തിരുമാനങ്ങൾക്കനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. മൂന്ന് സീറ്റ് കാപ്പന് നൽകാം എന്ന് പറഞ്ഞതിനെ കുറിച്ച് കെപിസിസി അധ്യക്ഷനായ തനിയ്ക്ക് ഒന്നും അറിയില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസാമയം പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങളുമായി മാണി സി കാപ്പൻ അതിവേഗം മുന്നോട്ടുപോവുകായാണ്. പാർട്ടിയുടെ ഭരണഘടന, പതാക, രജിസ്ട്രേഷൻ എന്നിവ തീരുമാനിയ്ക്കുന്നതിനായി മാണി സി കാപ്പന്‍ ചെയര്‍മാനും, അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു. എൻസിപി കേരള എന്നായിരിയ്ക്കും പുതിയ പാർട്ടിയുടെ പേര് എന്നാണ് വിവരം.