കാണികളായി ആരും വന്നില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാർ
മോട്ടോർ വാഹന വകുപ്പിൻറെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല.
സ്വന്തം വകുപ്പിന്റെ ചടങ്ങിൽ നിന്ന് മന്ത്രി ഗണേഷ് കുമാർ ഇറങ്ങിപ്പോയി. ഉദ്ദേശിച്ച പോലെ കാണികൾ ചടങ്ങിൽ എത്താതിരുന്നതിൽ ക്ഷോഭിച്ചാണ് മന്ത്രിയുടെ പിണങ്ങിപ്പോക്ക്. ഇതോടെ, തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചമോട്ടോർ വാഹന വകുപ്പിൻറെ വാഹനങ്ങളുടെ ഫ്‍ളാഗ് ഓഫ് ചടങ്ങ് റദ്ദായി.
ചടങ്ങിനെത്തിയത് തൻറെ പാർട്ടിക്കാരും പേഴ്സണൽ സ്റ്റാഫും കെഎസ്ആർടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളെയും പുറത്തു എത്തിക്കാൻ സംഘാടകർക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിനൻ്റെ ഇറങ്ങിപോക്ക്.
മോട്ടോർ വാഹന വകുപ്പിൻറെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. സംഘാടനത്തിൽ വൻ വീഴ്ച പറ്റിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മോട്ടോർ വാഹന വകുപ്പിൻറെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫും എൻഫോഴ്സ്മെൻറ് ആവശ്യങ്ങൾക്കായിട്ടുള്ള 914 ഇ പോസ്റ്റ് മെഷീനുകളുടെ വിതരണ ഉദ്ഘാടനമാണ് കനകക്കുന്നിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. 52 വാഹനങ്ങൾ എത്തിക്കാനും പ്രദർശിപ്പിച്ച് ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു പദ്ധതി. മന്ത്രി നാലു മണിക്ക് എത്തി. പക്ഷെ മന്ത്രി പറഞ്ഞ സ്ഥലത്തല്ലായിരുന്നില്ല വാഹനങ്ങൾ. ഇതോടെ മന്ത്രി അസ്വസ്ഥനാകുകയായിരുന്നു.