ഇത് കാട്ടുനീതി, കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഇത് പുരോഗമന കേരളത്തിന് അപമാനം: കടകംപള്ളി സുരേന്ദ്രൻ
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ച് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്തരത്തിൽ ചില വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
ഒരു തെറ്റും ചെയ്യാത്തവരെ കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് മനുഷ്യത്വരഹിതമായി തല്ലിചതയ്ക്കുന്നത് പുരോഗമന കേരളത്തിന് അപമാനമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വ്യാപകമായി കുട്ടികളെ തട്ടികൊണ്ട് പോകുന്നെന്ന് പ്രചരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ വലിയ രീതിയിലുള്ള ഭീതിയാണ് പരത്തുന്നത്. ആ ഭീതി മുതലെടുത്താണ് ചിലര്‍ അതിക്രമങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്ന ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന കാട്ടുനീതി ഇവിടെ നടത്താന്‍ ശ്രമിക്കുന്നവരും ആക്രമണത്തിന് ആഹ്വാനം ചെയ്ത് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് നന്ന്. ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം തേടുകയാണ് വേണ്ടത്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.