ഹാപ്പി ഹസ്ബൻഡ്സ് എന്ന സിനിമയിൽ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാരെ വശീകരിക്കുന്ന നന്മ നിറഞ്ഞ കഥാപാത്രമായിരുന്നു റിമ! - ഫാൻസിന്റെ രോദനം

കളിച്ച് കളിച്ച് ലാലേട്ടന് എതിരേയും തുടങ്ങിയോ? അധികം കളിച്ചാൽ ഉണ്ടാകില്ല: റിമ കല്ലിങ്കലിനെ പൊങ്കാലയിട്ട് ഫാൻസ്

വ്യാഴം, 18 ജനുവരി 2018 (09:25 IST)
മുൻപ് കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി ചിത്രത്തിലെ നായക കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണം ചെറുതൊന്നുമല്ല. മമ്മൂട്ടി കഥാപാത്രത്തെ വിമർശിച്ചതിന് അദ്ദേഹത്തിന്റെ ഫാൻസിൽ നിന്നും സൈബർ ആക്രമണത്തിന് വിധേയയായ പാർവതി നിയമപരമായിട്ടായിരുന്നു അതിനെ നേരിട്ടത്.
 
ഇപ്പോൾ റിമ കല്ലിങ്കലാണ് സോഷ്യൽ മീഡിയയുടെ ഇര. റിമയ്ക്ക് നേരെ സൈബർ വാദികളുടെ ആക്രമണം തുടങ്ങിക്കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെ വിമര്‍ശിച്ചു എന്ന് പറഞ്ഞാണ് ഫാന്‍സിന്‌റെ അഴിഞ്ഞാട്ടം. റിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്.
 
സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അനീതികള്‍, നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അടക്കമുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു റിമ സംസാരിച്ചത്. അതിനായി ഉദാഹരണത്തിന് പുലിമുരുകൻ സിനിമയെ റിമ കൂട്ടുപിടിച്ചു. എന്നാൽ, റിമ പറഞ്ഞ ബാക്കി കാര്യങ്ങൾ ഒന്നും ഫാൻസ് കേട്ടില്ല, പുലിമുരുകനും മോഹൻലാലും മാത്രമേ അവർക്ക് വേണ്ടതുള്ളു.
 
പുലിമുരുകനെ പേരെടുത്ത് പറയാതെ ആയിരുന്നു റിമ വിമര്‍ശിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ എന്നായിരുന്നു റിമയുടെ പരാമര്‍ശം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ് എക്‌സ് ടോക്‌സിലാണ് റിമ കല്ലിങ്കില്‍ സിനിമയില്‍ നിലനില്‍ക്കുന്ന അനീതികളെക്കുറിച്ച് ധൈര്യപൂര്‍വ്വം സംസാരിച്ചത്. 
 
റിമ പറഞ്ഞതല്ല, ഫാന്‍സ് എന്ന് പറഞ്ഞ് നടക്കുന്ന കൂട്ടര്‍ മനസ്സിലാക്കിയത്. അവരുടെ സൂപ്പർസ്റ്റാർ മോഹൻലാലിനേയും അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രത്തെയും റിമ വിമര്‍ശിച്ചു എന്ന തരത്തിലായി കാര്യങ്ങള്‍. ഇതോടെ വെട്ടുകിളികള്‍ റിമയെ തെറിവിളി ആക്രമണം തുടങ്ങി.  
 
റിമ പറഞ്ഞ മറ്റ് വിഷയങ്ങളൊന്നും നിലനില്‍ക്കുന്നേ ഇല്ല എന്ന തരത്തിലാണ് മോഹന്‍ലാല്‍ ഫാന്‍സ് തെറിവിളി തുടങ്ങിയിരിക്കുന്നത്. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സ് അസഭ്യവും തെറിയുമായി അഴിഞ്ഞാടുകയാണ്. ഇതിനായി ഫാൻസ് ചൂണ്ടിക്കാട്ടുന്നത് റിമയുടെ ഹാപ്പി ഹസ്‌ബന്റ്സിലെ കഥാപാത്രത്തെയാണ്.
 
"പുലിമുരുകനിലെ സ്ത്രീകഥാപാത്രങ്ങൾ പുരുഷനെ വശീകരിക്കാനും, വഴക്കിടാനും, പെറ്റുകൂട്ടാനും!" എന്ന് ഹാപ്പി ഹസ്ബൻഡ്സ് എന്ന സിനിമയിൽ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാരെ വശീകരിക്കുന്ന നന്മ നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച റിമ കല്ലിങ്കൽ എന്നാണ് മറ്റൊരു പരിഹാസം. 
 
ഫീൽഡ് ഔട്ട് ആയ ഒരു പറ്റം അമ്മായിമാരെ കൂട്ടു പിടിച് ഒരു ഊള സംഘടനേം ഉണ്ടാക്കി അന്നും ഇന്നും എന്നും മലയാള സിനിമ അടക്കി വാഴുന്ന മമ്മൂക്കയും മോഹൻലാലും പോലുള്ള താരങ്ങളെ രൂക്ഷമായി വിമർശിച്ചു പബ്ലിസിറ്റി ഇണ്ടാക്കാൻ നോക്കുന്ന നിന്നെ പോലുള്ള ഊള അമ്മായിക്ക് നീ ഹാപ്പി ഹസ്ബൻഡ്‌സിൽ ചെയ്ത ആ റോൾ ഇല്ലേ ...അത് തന്നെയാ ജീവിതത്തിലും നല്ലത് എന്നാണ് ഒരു കമന്റ്.
 
ലാലേട്ടനെ പറഞ്ഞാ നീ പിന്ന മലയാള സിനിമയില്‍ കാണത്തില്ല ഇത് ഞങ്ങടെ അഹങ്കാരം തന്നെയാണ് എന്നാണ് ഒരു ഫാൻ ഭീഷണി മുഴക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം: ബിഎസ്എഫ് ജവാന് വീരമൃത്യു