എന്നും ടോയ്‌ലറ്റിൽ പോയിട്ടും എന്താണ് മാഡം ഇങ്ങനെ? പുലർച്ചെ വെറും വയറ്റിൽ കഴിക്കാൻ ഒരു ഗുളികയുണ്ട്: സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി ലിജീഷ്
എന്നും ടോയ്‌ലറ്റിൽ പോയിട്ടും എന്താണ് മാഡം ഇത്ര ദുർഗന്ധം വമിപ്പിക്കുന്ന അഴുക്കുകൾ മാത്രം അകത്തിങ്ങനെ കെട്ടി നിൽക്കുന്നത്
മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാർ രംഗത്തെത്തിയിരിക്കുന്നു.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം:
മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യൺ യു.എസ്.ഡോളർ - അതായത് 450 കോടി, എന്തിരൻ - 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തിൽ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നത്
ആമീർഖാൻ, അമിതാഭ് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പൻ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിർമ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാർത്തകളിൽ നിറയുന്നത്. നമുക്ക് ശങ്കർമാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബൻസാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങൾ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകർത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇൻഡസ്ട്രി. ആ ഇൻഡസ്ട്രിയിൽ നിന്നുമാണ് ഒടിയൻ പോലൊരു സിനിമ വരുന്നത്.
ഒടിയൻ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുൻവിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുൻവിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാ-വൺ, സിങ്കം, ഡോൺ, വിവേകം, കോച്ചടിയാൻ, സ്പൈഡർ, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാർ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.
ഒടിയൻ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാൻ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാൻ കഴിയൂ. ഇപ്പോൾ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷൻ, ആർട്ടിസ്റ്റ്, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടേഴ്സ് എല്ലാം അയാൾ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതൽമുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാർക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹൻലാലിന്റെ പുതിയ രൂപത്തെ അവർ മാർക്കറ്റ് ചെയ്തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.
ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജിൽ ചെന്ന് 2 പേർക്ക് കഴിക്കാവുന്ന മീൽസിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്ഭോഗിൽ ഗോൾഡ് പ്ലേറ്റിൽ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനിൽ 35 !
ഡൽഹിയിലെ ലീലാ പാലസിൽ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാർക്കലിയുടെ ഒരു പോർഷൻ ബട്ടർ ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലിൽ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവർക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങൾ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകൻ എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടർ ചിക്കൻ കാത്തിരിക്കുന്ന എനിക്കും നിങ്ങൾക്കും 60 ന്റെ ചിക്കൻ അയാൾ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പിൽ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കൻ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാർക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.
പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാൻ മാത്രമല്ല അതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാർക്കറ്റിംഗ് തന്ത്രങ്ങളും അവർ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്സ് കണ്ടപായപ്പെടാൻ മാത്രമേ ഉള്ളോ ?
ഒടിയൻ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാൽ, അതിൽ ഒരാളെങ്കിലും don't miss it എന്നു പറഞ്ഞാൽ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാൻ തന്നെയാണ് മാഡം ഇപ്പരിപാടികൾ. ഇതിൽ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങൾ മേൽപ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.
പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകർ പരസ്പരം പോർ വിളിക്കട്ടെ, അതിനിടയിൽ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്‌ലറ്റിൽ പോയിട്ടും എന്താണ് മാഡം ഇത്ര ദുർഗന്ധം വമിപ്പിക്കുന്ന അഴുക്കുകൾ മാത്രം അകത്തിങ്ങനെ കെട്ടി നിൽക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലർച്ചെ വെറും വയറ്റിൽ 1 ഗുളിക പച്ച വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി, ഇളകിപ്പൊയ്ക്കോളും.
ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാൽ പൊയ്ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവൻ പോയ്ക്കഴിഞ്ഞെന്നുറപ്പായാൽ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താൽ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.