ചേര്‍ത്തല മാവുങ്കല്‍ മോന്‍സണ്‍ അറിയപ്പെട്ടിരുന്നത് ഡോ.മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു. ഡിഗ്രി പോലും പാസാകാത്ത മോന്‍സണ്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കുകയായിരുന്നെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ആളുകളോട് നന്നായി സംസാരിക്കാനുള്ള കഴിവ് മോന്‍സണ് ഉണ്ട്. കലൂരിലെ വീട് മ്യൂസയമാക്കിയാണ് മോന്‍സണ്‍ ആഡംബര ജീവിതം നയിച്ചത്. ഏതാണ്ട് അരലക്ഷം രൂപയാണ് ഈ വീടിന് മാസം വാടക കൊടുക്കുന്നത്. എട്ട് മാസമായി വീടിന് വാടക കൊടുത്തിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
വീടിന് പുറത്തിറങ്ങുമ്പോള്‍ മോന്‍സണ് അംഗരക്ഷകരായി അഞ്ചെട്ടുപേര്‍ കൂടെയുണ്ടാകും. ഇവരുടെ കൈയില്‍ തോക്കുകള്‍ കാണുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഈ തോക്കുകള്‍ കളിത്തോക്ക് ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാണ് പുറത്ത് പോകുക. നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികള്‍ മുടക്കിയുള്ള പരിപാടിയായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ പുരാവസ്തു ശേഖരം തന്റെ പേരിലാണെന്ന് പറഞ്ഞ് മോന്‍സണ്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോണ്‍സണ്‍ മാവുങ്കല്‍ നാട്ടുകാരെ പറ്റിച്ചത് വിദഗ്ധമായാണ്. യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍ യൂദാസിന് പ്രതിഫലമായി ലഭിച്ച മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം തന്റെ കൈയിലുണ്ടെന്നാണ് മോണ്‍സണ്‍ അവകാശപ്പെട്ടിരുന്നത്. മോശയുടെ അംശവടി, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം തുടങ്ങിയ വസ്തുക്കളാണ് തന്റെ കൈവശമുള്ളതെന്നാണ് മോണ്‍സണ്‍ പറഞ്ഞിരുന്നത്.
കൊച്ചി കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് മോണ്‍സണ്‍. മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ഉണ്ട്. ഈ വസ്തുക്കളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോണ്‍സണില്‍ നിന്നു പിടിച്ചെടുത്ത പല വസ്തുക്കളും തിരുവനന്തപുരത്തെ ആശാരി നിര്‍മിച്ചു നല്‍കിയതാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ.സോജന്‍ പറഞ്ഞു.