ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുല്ലപ്പള്ളിയും
മുല്ലപ്പള്ളിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ ചില അതൃപ്തികള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Mullappally Ramachandran and Pinarayi Vijayan
ശശി തരൂരിനു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു. വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.
' ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് കേരളത്തിലുള്ളത്. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായിട്ട് പോകണം, ഒറ്റക്കെട്ടായി തന്നെ പോകും എന്നാണ് എന്റെ ആത്മവിശ്വാസം. ഐക്യത്തോടെ തന്നെ കോണ്‍ഗ്രസ് പോകും. അവസാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള എല്ലാ സാഹചര്യങ്ങളും പരിപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ രംഗത്തുവരും,' മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ ചില അതൃപ്തികള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം മുല്ലപ്പള്ളി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന പരാമര്‍ശം.