Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ തോമസ് അപകടം: പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നുവെന്ന് മുരളി തുമ്മാരുകുടി

muralee thummarukudy

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (10:34 IST)
muralee thummarukudy
കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എക്ക് അപകടം പറ്റിയ സംഭവത്തില്‍ വിമര്‍ശനവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നുവെന്നും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ നിന്നും താഴെ വീഴുന്നത് തടയാന്‍ വേണ്ട സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും സ്റ്റേജ് മൊത്തമായി തകര്‍ന്നു വീഴാത്തത് ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
 
കലൂരിലെ നൃത്തപരിപാടിക്കിടയില്‍ സ്റ്റേജില്‍ നിന്നും ശ്രീമതി ഉമാ തോമസ് വീണ സാഹചര്യം ശ്രദ്ധിക്കുന്നു. ഗുരുതരമായ അപകടമാണെങ്കിലും ശ്രീമതി ഉമാ തോമസ് അപകടനില ഏറ്റവും വേഗത്തില്‍ തരണം ചെയ്യട്ടേ എന്നും പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്നും ആശിക്കുന്നു. പക്ഷെ പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നു. ഗാലറികള്‍ക്ക് മുകളില്‍, ഗ്രൗണ്ടില്‍ നിന്നും ഏറെ ഉയരത്തില്‍ തികച്ചും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജ്. അതില്‍നിന്നും താഴെ വീഴുന്നത് തടയാന്‍ വേണ്ട സംവിധാനങ്ങള്‍ ഇല്ല. കേട്ടിടത്തോളം ആദ്യം പ്ലാന്‍ ചെയ്തതിലും ഇരട്ടി ആളുകള്‍ സ്റ്റേജിലേക്ക് എത്തി. സ്റ്റേജ് മൊത്തമായി തകര്‍ന്നു വീഴാത്തത് ഭാഗ്യം. അപകടം ഉണ്ടായത് വളരെ അരക്ഷിതമായ സാഹചര്യം കൊണ്ടാണെങ്കിലും അപകടത്തില്‍ പെട്ട ആളെ കൈകാര്യം ചെയ്ത രീതി കണ്ടു പിന്നെയും നടുങ്ങി. 
 
നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാന്‍ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്‌ട്രെച്ചറില്‍ വേണം എടുത്തുകൊണ്ടുപോകാന്‍. അങ്ങനെയുള്ള ഒരാളെ എന്ത് ആത്മാര്‍ത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകള്‍ പൊക്കിയെടുത്തുകൊണ്ടുപോകുന്നത് പരിക്കിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ ഒരു രക്ഷാപ്രവര്‍ത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ആളുകള്‍ പരിക്കേറ്റവരെ തുക്കിയെടുത്ത് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കുന്നത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കാര്‍പാര്‍ക്കിംഗിനു വേണ്ടിപ്പോലും ഡസന്‍ കണക്കിന് ആളുകളെ നിയമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പ്രഥമ ശുശ്രൂഷയില്‍ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല.
 
ഒരു വര്‍ഷം പതിനായിരം ആളുകളാണ് അപകടങ്ങളില്‍ മരിക്കുന്നത്. അതില്‍ പലമടങ്ങ് ആളുകള്‍ ജീവിതകാലം മുഴുവന്‍ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവക്കാവുന്നതാണ്. നമ്മുടെ സമൂഹത്തില്‍ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞു.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Indian political leaders in 2024: ഈ വര്‍ഷം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട അഞ്ച് രാഷ്ട്രീയ നേതാക്കള്‍