ജപ്പാനില്‍ 90ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന മനോരമയുടെ വാര്‍ത്തയ്ക്ക് പിന്നാലെ കേരളത്തിലും സമാനസ്ഥിതിയുണ്ടെന്ന് യുഎന്‍ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുരളിതുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം-
ജപ്പാനിലെ ഒഴിഞ്ഞ വീടുകള്‍, കേരളത്തിലെ ഒഴിയുന്ന വീടുകള്‍...
ജപ്പാനില്‍ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകള്‍, എന്താണ് ജപ്പാനില്‍ സംഭവിക്കുന്നത് എന്നാണ് ചോദ്യം? റാഡിക്കല്‍ ആയ സംഭവം ഒന്നുമല്ല. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളില്‍ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കില്‍ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോള്‍ ജപ്പാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാനില്‍ 1960 കളില്‍ തന്നെ ഫെര്‍ട്ടിലിറ്റി റേറ്റ് രണ്ടിന് താഴെ ആയി. എന്നിട്ടും ജപ്പാന്‍ കുടിയേറ്റത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് എഴുപത് വയസ്സില്‍ താഴെ എന്നുള്ളതില്‍ നിന്നും തൊണ്ണൂറിന് മുകളിലേക്ക് ഉയര്‍ന്നത് കൊണ്ട് കുറച്ചു നാള്‍ കൂടി ജനസംഖ്യ കുറവ് അനുഭവപ്പെട്ടില്ല. എന്നാല്‍ 2008 ന് ശേഷം ജനസംഖ്യ കുറഞ്ഞു തുടങ്ങി. 2008 ലെ ജനസംഖ്യയെക്കാള്‍ ഏകദേശം 25 ലക്ഷം ആളുകള്‍ ഇപ്പോള്‍ ജപ്പാനില്‍ കുറവാണ്.
ഇത് ജപ്പാന്റെ മാത്രം കഥയല്ല. ഏറെ താമസിയാതെ കേരളത്തിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. കേരളത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തന്നെ രണ്ടിന് താഴേക്ക് എത്തിയിരുന്നു. അതേസമയം തന്നെ നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചുവന്നത് കൊണ്ട് ജനസംഖ്യയിലെ കുറവ് ഇനിയും കണ്ടു തുടങ്ങിയിട്ടില്ല. ജനസംഖ്യയുടെ സാധാരണ പ്രൊജക്ഷന്‍ അനുസരിച്ച് തന്നെ 2035 ആകുന്നതോടെ നമ്മുടെ ജനസംഖ്യ താഴേക്ക് വന്നു തുടങ്ങും. ഒപ്പം അടുത്തയിടെയുള്ള കുട്ടികളുടെ വിദേശ കുടിയേറ്റത്തിന്റെ ട്രെന്‍ഡ് കൂടി കണക്കിലെടുത്താല്‍ കാര്യങ്ങള്‍ കുറച്ചുകൂടി നേരത്തെ ആകാനും മതി.
2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. 2030 ആകുന്‌പോഴേക്ക് പല കാരണങ്ങളാല്‍ അത് ഇരട്ടിയെങ്കിലും ആകും. കേരളത്തില്‍ ഭൂമിയുടെ വില കുറയും എന്ന് ഞാന്‍ ഇടക്കിടക്ക് പറയുന്‌പോള്‍ 'വീടുണ്ടാക്കാന്‍' ഉള്ള ഭൂമിയുടെ വില കുറയുന്നില്ല എന്ന് ആളുകള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പൊതുവെ അത് ശരിയുമാണ്. പക്ഷെ ജനസംഖ്യ കുറഞ്ഞു തുടങ്ങുകയും കൂടുതല്‍ വീടുകള്‍ അടഞ്ഞു കിടക്കുകയും ചെയ്യുന്‌പോള്‍ അതും മാറും. ഇപ്പോള്‍ തന്നെ കേരളത്തില്‍ പലയിടത്തും ഈ ട്രെന്‍ഡ് കാണാനുണ്ട്.