Publish Date: Wed, 06 Oct 2021 (21:52 IST)
Updated Date: Wed, 06 Oct 2021 (22:02 IST)
കുറവിലങ്ങാട്: രോഗം ബാധിച്ച് കിടപ്പിലായ ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ അപശബ്ദങ്ങളും കരച്ചിലും കാരണം തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും ആരോപിച്ചു ഭാര്യയെ തലയ്ക്കടിച്ചു കൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി ചേറ്റുകുളം പുളിയന്മാനാൽ രാമൻകുട്ടി എന്ന 86 കാരനാണ് അറസ്റ്റിലായത്.
കിടപ്പു രോഗിയായ ഭാര്യ ഭാരതി എന്ന 82 കാരിയെയാണ് കിടപ്പുമുറിയിൽ വച്ച് രാത്രി ഊന്നുവടി ഉപയോഗിച്ച് രാമൻകുട്ടി തലയ്ക്കടിച്ചു കൊന്നത്. രണ്ട് ദിവസം മുമ്പാണ് ഭാരതിയെ പുലർച്ചെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു ശേഷം രാമൻ കുട്ടി വീട്ടിനു പിറകിലുള്ള കിണറ്റിൽ ചാടി. എങ്കിലും അയൽക്കാർ ഇയാളെ രക്ഷപ്പെടുത്തി.
ഭാര്യയുടെ ഇത്തരത്തിലുള്ള ശല്യം താൻ പലപ്പോഴും ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പോലീസ് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്. ഇയാളെ പാലാ ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യ സഹായവും ചെയ്യുന്നുണ്ട്.