Publish Date: Thu, 06 Jan 2022 (20:45 IST)
Updated Date: Thu, 06 Jan 2022 (20:47 IST)
കൊച്ചി: പെരിയാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മുങ്ങിമരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഡിസംബർ 23 നു കുട്ടിയെ കാണാതായതായി പരാതി ഉണ്ടായി. തുടർന്നു നടന്ന അന്വേഷണത്തിൽ ആലുവാ യു.സി കോളേജിന് അടുത്തുള്ള തടിക്കക്കടവ് പാലത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു.
സ്‌കൂളിൽ പോയ പെൺകുട്ടിയെ വൈകിയും കാണാതായതോടെയാണ് പരാതി ഉണ്ടായത്. കടവിൽ കുളിക്കാനെത്തിയ കുട്ടികൾ കുട്ടിയുടെ ബാഗ്, ചെരിപ്പ് എന്നിവ കണ്ട് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയും പോലീസും തിരച്ചിൽ നടത്തിയെങ്കിലും അന്ന് മൃതദേഹം കണ്ടെത്തിയിരുന്നില്ല. അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മരണത്തിനു പിന്നിൽ പ്രണയ നൈരാശ്യം ആണെന്ന സംശയം പൊലീസിന് മുമ്പ് തന്നെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് നടന്ന ഫോറൻസിക് പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് പോലീസ് മരണത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണു സൂചന.