ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിയെടുക്കും. ക്യാമറയുള്ള ഹെല്‍മറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടി. വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍.സി. ബുക്കും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.
ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.