കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയിൽ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ രജിസ്റ്റർ ചെയ്ത 146 കേസുകളിൽ നിന്നായി 248000 രൂപ പിഴ ഈടാക്കി. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചവർ, അമിതഭാരം കയറ്റിയ വാഹന ഉപയോഗം, രൂപമാറ്റം വരുത്തി വാഹനം ഉപയോഗിച്ചവർ, മൂന്നുപേരുമായി മോട്ടോർ സൈക്കിൾ യാത്ര, കോളിങ് ഫിലിം പഠിപ്പിക്കൽ എന്നീ വിഭാഗങ്ങളിലാണ് അധികം പിഴയും ചുമത്തിയത്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ,കണ്ണൂർ, ഇരിട്ടി, തലശേരി മേഖലകളിലാണ് പരിശോധന നടത്തിയത്. എം.വി.ഐ മാരായ ഷെല്ലി, ഷിജോ, ഷാജു, പ്രവീൺ കുമാർ, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ സ്‌ക്വാഡുകൾ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമായി നടപ്പാക്കും എന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ മുജീബ് അറിയിച്ചത്.
ഇതിനൊപ്പം ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.കണ്ണൂർ - സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവർ മുഹമ്മദ് സഫ്വാൻ മൊബൈൽ ഫോണിൽ സംസാരിക്കുകയും ഒരു കൈകൊണ്ട് വാഹനം ഓടിക്കുകയും ചെയ്തിരുന്നു.