ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിക്ക് മുന്നില്‍ ഹാജരാവാന്‍ സാവകാശം തേടി എന്‍ വാസു
ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചാണ് അസൗകര്യം അറിയിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള എസ്‌ഐടിക്ക് മുന്നില്‍ ഹാജരാവാന്‍ സാവകാശം തേടി എന്‍ വാസു. ഹാജരാകണമെന്ന എസ് ഐ ടി യുടെ നോട്ടീസിന് ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചാണ് അസൗകര്യം അറിയിച്ചത്. എന്നാല്‍ സാവകാശം നല്‍കാനാകില്ലെന്നാണ് എസ് ഐ ടി യുടെ നിലപാട്. രണ്ടാംഘട്ടം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാസുവിന് നോട്ടീസ് നല്‍കിയത്.
അതേസമയം ശബരിമലയിലും എരുമേലിയിലും രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം, പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു. ഇത് ഉറപ്പാക്കാന്‍ ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. മണ്ഡല തീര്‍ത്ഥാടനകാലത്ത് സ്റ്റേജിംഗ് ഏരിയകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ ഹൈക്കോടതി സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു.
ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ലംഘിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എരുമേലിയില്‍ ഉപേക്ഷിക്കുന്ന രാസ കുങ്കുമവും ഷാംപൂ പാക്കറ്റുകളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം. നേരത്തെ, മഞ്ഞളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് കുങ്കുമം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണികളില്‍ മുന്നില്‍ നില്‍ക്കുന്നത് രാസ കുങ്കുമമാണ്. പേട്ടതുള്ളലില്‍ വരുന്നവര്‍ കുങ്കുമം വിതറും.