ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ശരീരം അഥവ ആത്മാവ് വേറെയെവിടെയെങ്കിലും സഞ്ചരിക്കുന്നതായി നമുക്ക് തന്നെ തോന്നുന്ന അവസ്ഥയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അവസ്ഥയിലെത്താനുള്ള പല പരീക്ഷണങ്ങള്‍ ഇക്കാലത്തും പലരും പരീക്ഷിച്ചുനോക്കാറുണ്ട്. അതിന്റെയൊരു നേര്‍ക്കാഴ്ചയായിരുന്നു നന്തന്‍കോടില്‍ നടന്ന കൂട്ടകൊലപാതകം. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേദല്‍ എന്ന ചെറുപ്പക്കാരന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പേരില്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്.
ആത്മാവിനെ ശരീരത്തില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു ലോകത്തിലേക്കെത്തിക്കുക എന്ന പരീക്ഷണമായിരുന്നു നന്തന്‍കോടില്‍ കൊലപാതകമായി മാറിയത്. ഇപ്പോഴിതാ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സന്‍ രാജ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആര്‍റാം അഡീഷണല്‍ സെഷന്‍ കോടതി. നാളെയാണ് കേസില്‍ ശിക്ഷാവിധി പ്രഖ്യാപിക്കുക. 2017 ഏപ്രില്‍ എട്ടിനായിരുന്നു ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോമ്പോണ്ടിലെ 117ആാം വീട്ടില്‍ പ്രഫ രാജ തങ്കം, ഭാര്യ ഡോ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കേഡല്‍ ജിന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്ന നിലയിലും രാജയുടെ ശരീരം ഭാഗികമായി കത്തിയ നിലയിലുമായിരുന്നു. മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയാണ് രാജയെ കൊന്നത് എന്നായിരുന്നു പോലീസ് നിഗമനം. ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്. ഈ സമയത്ത് ജിന്‍സന്‍ രാജയുടെ ശരീരത്തില്‍ പൊള്ളലേറ്റ 31 പാടുകള്‍ ഉണ്ടായിരുന്നു.
പ്ലസ് ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ പിതാവില്‍ നിന്നും കടുത്ത അവഗണനയാണ് നേരിട്ടത്. പിതാവിനോടുള്ള ഈ വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമെന്നാണ് പ്രതി മൊഴീ നല്‍കിയത്. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതിനുള്ള പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്യുന്നതിനിടെയാണ് കൊല നടത്തിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.