എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും കോട്ടങ്ങളില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യൂണിറ്റ് കമ്മിറ്റി എന്റെ സ്വപ്നമായിരുന്നു, പൂര്‍ത്തിയാകാത്തതില്‍ ദുഃഖമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കണമെന്ന് സണ്ണി ജോസഫിനോട് സുധാകരന്‍ പറയുകയും ചെയ്തു.
പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരാനായി, ഗ്രൂപ്പ് കലാപങ്ങള്‍ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി, പാര്‍ട്ടിയെ സെമി കേഡറാക്കി, പ്രസിഡന്റ് പദവി ഒഴിഞ്ഞത് എനിക്ക് പ്രശ്‌നമല്ല. പടക്കുതിരയായി മുന്നില്‍ ഉണ്ടാകുമെന്നും തനിക്ക് ആരെയും ഭയമില്ലെന്നും എന്റെ കാലത്ത് അണികളും ഭയമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം തന്നെ ഡിസിസി പ്രസിഡന്റാക്കിയത് കെ സുധാകരനാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
പൂര്‍ണ്ണമായല്ലെങ്കിലും രാഷ്ട്രീയമായി സുധാകരന് പകരക്കാരനാകാന്‍ കഴിയും. കരുത്തുറ്റ ടീമിന്റെ ബലത്തിലാണ് മുന്നോട്ടുപോകുന്നത്. ഒറ്റയ്ക്കല്ല. വര്‍ക്കിംഗ് അല്ല ഹാര്‍ഡ് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് കെപിസിസിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.