രാജ്യമാകെ വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. സ്‌ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവ വെടുക്കെട്ടുകളെയും ബാധിക്കും. വെടിക്കെട്ടുപുര ഇല്ലാത്ത സ്ഥലങ്ങളില്‍ ഒന്നും തന്നെ ഇനി വെടിക്കെട്ട് നടത്താനാകില്ല. കേരളത്തില്‍ പത്തില്‍ താഴെ സ്ഥലങ്ങളില്‍ മാത്രമാണ് സ്ഥിരം വെടിക്കെട്ടുപുരയുള്ളത്. ഇവിടെ നിന്ന് 200 മീറ്റര്‍ അകലെ മാത്രമെ വെടിക്കെട്ട് നടത്താനാകു എന്നതാണ് പുതിയ ഭേദഗതി.വെടിക്കെട്ടുപുരയുള്ള തൃശൂര്‍ പൂരത്തിന് പോലും ഈ ദൂരപരിധി വിലങ്ങുതടിയാകും.
ഉത്സവകാലം തുടങ്ങിയ സാഹചര്യത്തില്‍ ഇത്തവണ വെടിക്കെട്ടുകളെയെല്ലാം തന്നെ ഈ ഭേദഗതി അനിശ്ചിത സ്ഥിതിയിലാക്കും. നിയമഭേദഗതി മറികടക്കാന്‍ മറ്റൊരു നിയമഭേദഗതി വേണ്ടിവരുമെന്നതിനാല്‍ തന്നെ ഇതിന് സമയെമെടുക്കും. ഇളവിനായി അപേക്ഷ നല്‍കാമെങ്കിലും തൃശൂര്‍ പൂരം പോലെ പ്രധാന ഉത്സവങ്ങള്‍ക്ക് മാത്രമാകും ഇളവ് അനുവദിക്കുക. വിജ്ഞാപനത്തിലെ ചില നിബന്ധനകള്‍ ഇങ്ങനെ.
വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരിക്കണം ജനത്തെ ബാരിക്കേഡ് കെട്ടി നിര്‍ത്തേണ്ടത്. ഫയര്‍ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലെയാകണം വെടിക്കെട്ടുപുര. മാഗസിനില്‍ നിന്ന് കുറഞ്ഞത് 20 മീറ്ററെങ്കിലും അകലം പാലിക്കണം. 250 മീറ്റര്‍ പരിധിയില്‍ ആശുപത്രി,നഴ്‌സിങ്ങ് ഹോം,സ്‌കൂള്‍ എന്നിവയുണ്ടെങ്കില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തരുത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിന് താഴെയാകണം. കുഴലുകള്‍ തമ്മില്‍ 50 സെ മീ അകലം വേണം. കുഴലല്ലാതെ ഇരുമ്പ്,സ്റ്റീല്‍ ഉപകരണങ്ങളോ ആയുധങ്ങളോ വെടീക്കെട്ട് സ്ഥലത്ത് പാടില്ല.
പുതിയ നിയമപ്രകാരം വെടിക്കെട്ട് ലൈസന്‍സികള്‍ പെസോയുടെ പരീക്ഷ പാസാകേണ്ടി വരും. ഫയര്‍വര്‍ക്‌സ് ഡിസ്‌പ്ലേ ഓഫീസര്‍, അസിസ്റ്റന്റ് ഫയര്‍വര്‍ക്‌സ് ഡിസ്‌പ്ലേ ഓഫീസര്‍ എന്നിവരും ഇവരുടെ സഹായികളും ചേര്‍ന്നാകും വെടിക്കെട്ട് നിയന്ത്രിക്കുക. നിലവില്‍ തന്നെ ലൈസന്‍സികളെ കിട്ടാന്‍ പൂരക്കമ്മിറ്റികള്‍ പാടുപെടുന്ന അവസ്ഥയിലാണ് പുതിയ പരീക്ഷ സംവിധാനവും നടപ്പിലാക്കുന്നത്.