Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ ശുഭയാത്ര: വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം

ഓപ്പറേഷന്‍ ശുഭയാത്ര: വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 20 ഓഗസ്റ്റ് 2022 (12:20 IST)
കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഇ മെയില്‍ ഐഡികളും നിലവില്‍വന്നു. കേരളാ പോലീസാണ് ഇവ  സജ്ജമാക്കിയിട്ടുള്ളത്.  വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസിമലയാളികള്‍ക്ക് ഇനി മുതല്‍ പരാതികള്‍ നേരിട്ടറിയിക്കാം. [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം. 
 
വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം  മുന്‍പ് വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 
 
വ്യാജ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്സും സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ് എന്നിവയ്‌ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം കൂടി നിലവില്‍ വന്നിരിക്കുന്നത്. 
 
തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നിലവില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല അയ്യപ്പന് 107.75 പവന്റെ സ്വര്‍ണമാല കാണിക്കയായി സമര്‍പ്പിച്ച് വിശ്വാസി; വില 44.98 ലക്ഷം !