Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കും

കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (09:36 IST)
കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും ഈ വര്‍ഷം 20 ശതമാനം  ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കുന്നതിന്  തീരുമാനമായി. നിയമസഭാ കോംപ്ലക്സിലെ കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെയും  വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംയുക്ത സാന്നിദ്ധ്യത്തില്‍ നടന്ന കശുവണ്ടി വ്യവസായ ബന്ധ സമിതിയിലാണ് ബോണസ് തീരുമാനമായത്.  
 
ബോണസ് അഡ്വാന്‍സ് കുറച്ചുള്ള ഈ വര്‍ഷത്തെ ബോണസ് തുക 2023 ജനുവരി 31ന് മുമ്പ് തൊഴിലാളികള്‍ക്ക് നല്‍കും. ഈ വര്‍ഷം ലഭ്യമാകുന്ന ബോണസ് തുക അഡ്വാന്‍സായി കൈപ്പറ്റിയ തുകയേക്കാള്‍ കുറവാണെങ്കില്‍ അധിക തുക ഓണം ഇന്‍സെന്റീവായി കണക്കാക്കുന്നതിനും സമിതിയില്‍ തീരുമാനമായി. എന്നാല്‍ തൊഴിലാളിയുടേതായ കാരണത്താല്‍ ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് ബോണസ് തുകയില്‍ കുറവ് വരുന്നതെങ്കില്‍ ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കും.  
 
കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ  തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാന്‍സ് ബോണസായി  സെപ്തംബര്‍ മൂന്നിനകം നല്‍കുന്നതിനും സമിതിയില്‍ തീരുമാനമായി. ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വാന്‍സ് ബോണസ് നിര്‍ണയിക്കുക. ജൂലായ് 31 വരെ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ തുകയും മറ്റുള്ളവര്‍ക്കും ആനുപാതികമായും അഡ്വാന്‍സ് ബോണസ് അനുവദിക്കും. യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍ നവ്‌ജോത് ഖോസ, അഡീ ലേബര്‍ കമ്മിഷണര്‍മാരായ രഞ്ജിത് പി  മനോഹര്‍, കെ ശ്രീലാല്‍, കെ എം സുനില്‍ തുടങ്ങിയവരും  കശുവണ്ടി വ്യവസായ ബന്ധ സമിതി അംഗങ്ങളും പങ്കെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്