Onam Bumper 2025 Winner: 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബംപര്‍ തുറവൂര്‍ സ്വദേശിക്ക്
ലോട്ടറി അടിച്ച കാര്യം സഹോദരനോടാണ് ആദ്യം പറഞ്ഞതെന്ന് ശരത് പറഞ്ഞു
Onam Bumper 2025 Winner: ഓണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടിക്ക് അവകാശിയെ കണ്ടെത്തി. തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ നിന്നാണ് ടിക്കറ്റെടുത്തത്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സ് ജീവനക്കാരനാണ് ശരത്.
ലോട്ടറി അടിച്ച കാര്യം സഹോദരനോടാണ് ആദ്യം പറഞ്ഞതെന്ന് ശരത് പറഞ്ഞു. നമ്പര്‍ പരിശോധിച്ച ശേഷം ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ ഒന്‍പത് ടിക്കറ്റുകളും (സമാശ്വാസ സമ്മാനം) ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് അഞ്ച് ലക്ഷം രൂപവീതം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
ഒന്നാം സമ്മാനമായ 25 കോടിയില്‍ ഏജന്റ് കമ്മീഷന്‍ ആയി ഏഴ് ശതമാനം, നികുതിയായി 30 ശതമാനം ഈടാക്കി ബാക്കിയുള്ള തുകയായിരിക്കും വിജയിക്ക് ലഭിക്കുക. ഏഴര കോടിയോളം നികുതിയായി പോകും. രണ്ട് കോടിക്കടുത്ത് ഏജന്റ് കമ്മീഷനായി ഈടാക്കും. ഏതാണ്ട് 16 കോടി രൂപയാണ് ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്ന് ഭാഗ്യശാലിക്കു ലഭിക്കുക.