Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡിസിസിക്ക് പുല്ലുവില'; പാലക്കാട് ഷാഫിയുടെ 'വണ്‍മാന്‍ഷോ'യെന്ന് ആരോപണം, കോണ്‍ഗ്രസ് നേതൃത്വത്തിനു തലവേദന

പാലക്കാട് ഡിസിസിയെ വിശ്വാസത്തിലെടുക്കാതെ ഷാഫി പറമ്പിലിന്റെ മാത്രം നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടക്കം വിയോജിപ്പുണ്ട്

Shafi Parambil, Rahul Mamkootathil and VK Sreekandan

രേണുക വേണു

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (07:58 IST)
Shafi Parambil, Rahul Mamkootathil and VK Sreekandan

പാലക്കാട് കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നു. മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ തന്നിഷ്ടത്തിനു പ്രവര്‍ത്തിക്കുകയാണെന്നും ഡിസിസി നേതൃത്വത്തിനു വില നല്‍കുന്നില്ലെന്നും ആരോപണം. തിരഞ്ഞെടുപ്പ് പ്രചരണം സ്വന്തം താല്‍പര്യത്തിനനുസരിച്ചാണ് ഷാഫി കൊണ്ടുപോകുന്നത്. ഡിസിസിയുടെ അഭിപ്രായങ്ങള്‍ ആരായുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടിയേക്കാള്‍ വലുതാകാനാണ് ഷാഫി ശ്രമിക്കുന്നതെന്നും പാലക്കാട് ഡിസിസിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. 
 
പാലക്കാട് ഡിസിസിയെ വിശ്വാസത്തിലെടുക്കാതെ ഷാഫി പറമ്പിലിന്റെ മാത്രം നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടക്കം വിയോജിപ്പുണ്ട്. ഏകാധിപത്യ പ്രവണതയാണ് കോണ്‍ഗ്രസിനുള്ളില്‍ ഉള്ളതെന്നും പാലക്കാട് നഗരസഭയില്‍ ബിജെപിയെ വളര്‍ത്താന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്നും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി പ്രസിഡന്റും ആയിരുന്ന എ.വി.ഗോപിനാഥ് ആരോപിച്ചു. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ വിശ്വാസത്തിലെടുക്കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്. ഷാഫി പറമ്പിലിന്റെ പിടിവാശിക്ക് കെപിസിസി നേതൃത്വം വഴങ്ങുകയായിരുന്നെന്നും വിമര്‍ശനമുണ്ട്. 
 
അതേസമയം പാലക്കാട് കോണ്‍ഗ്രസിനുള്ള പൊട്ടിത്തെറികളും അഭിപ്രായ ഭിന്നതയും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം കെപിസിസി നേതൃത്വത്തിനുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കുന്നില്ല. ജില്ലയില്‍ കഴിവുള്ള ഒരുപാട് യുവനേതാക്കള്‍ ഉണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ കെട്ടിയിറക്കിയത് എന്തിനാണെന്ന ചോദ്യമാണ് എതിര്‍ വിഭാഗം ഉന്നയിക്കുന്നത്. ജില്ലയിലെ പ്രവര്‍ത്തകര്‍ തന്നെ പ്രചരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് കെപിസിസി വിലയിരുത്തല്‍. 
 
യുവാക്കളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ കാര്യക്ഷമമാക്കണമെന്ന് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയായിരുന്ന പി.സരിന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ.ഷാനിബ് എന്നിവര്‍ക്കു പിന്നാലെ മറ്റു യുവനേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ആലോചന നടത്തുന്നുണ്ട്. ഇനിയും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായാല്‍ അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. അതുകൊണ്ട് അതൃപ്തരായ യുവനേതാക്കളേയും പ്രവര്‍ത്തകരേയും ജില്ലാ നേതൃത്വം പ്രത്യേകം പരിഗണിക്കണമെന്നും പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ നോക്കണമെന്നും കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം വെള്ളറടയില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു