പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു
മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് പടക്കം പൊട്ടി ചത്തത്.
കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് പടക്കം പൊട്ടി ചത്തത്. പടക്കം പൊട്ടി നായയുടെ തല പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കണ്ണൂരിലെ കുറുമത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കൈകളില്‍ നിന്ന് വഴുതി കിണറ്റില്‍ വീണു മരിച്ചത്. ജാബിന്‍ മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് അമ്മയുടെ കൈകളില്‍ നിന്ന് അബദ്ധത്തില്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചത്. കുളിക്കാന്‍ കിണറ്റിന് സമീപം കൊണ്ടുവന്നപ്പോള്‍ കുഞ്ഞ് അബദ്ധത്തില്‍ തന്റെ കൈയില്‍ നിന്ന് വഴുതിപ്പോയതായി സ്ത്രീ സമീപത്തുള്ളവരോട് പറഞ്ഞു.
സ്ത്രീയുടെ നിലവിളി കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.