ശബരിമല കട്ടിളപാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; പോറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് എസ്‌ഐടി
പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് പോറ്റിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല കട്ടിളപാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് പോറ്റിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍ എത്തിച്ച് ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു.
മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസവഞ്ചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ് ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് കമ്മീഷണറും പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
2019 ഡിസംബര്‍ 9ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഈമെയില്‍ തനിക്ക് വന്നുവെന്നും സ്വര്‍ണം ബാക്കി വന്നു എന്നുമാണ് അറിയിച്ചതെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദ്വാരപാലക ശില്പത്തിന്റെയും ശ്രീകോവിന്റേയും ജോലികള്‍ക്ക് ശേഷം വന്ന സ്വര്‍ണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഈമെയിലില്‍ ഉണ്ടായിരുന്നതെന്ന് വാസു പറഞ്ഞിരുന്നു.