മന്ത്രിസഭാ രൂപീകരണം നിര്‍ണായക ചര്‍ച്ചകളിലേക്ക്. ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നു തുടങ്ങും. മുഖ്യമന്ത്രിയായി പിണറായി വിജയനെ ഏകകണ്‌ഠേന തീരുമാനിക്കും. തുടര്‍ഭരണം ലഭിച്ചാല്‍ പിണറായി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്‍ ഒഴികെ മറ്റെല്ലാ അംഗങ്ങളും പുതുമുഖങ്ങള്‍ ആയിരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ആരോഗ്യമന്ത്രി സ്ഥാനത്ത് കെ.കെ.ശൈലജയ്ക്ക് തുടരാന്‍ അവസരം നല്‍കും. കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചര്‍ച്ചയും എന്‍സിപി, ജെഡിഎസ് എന്നിവരുമായി ആദ്യഘട്ട ചര്‍ച്ചയും ഇന്ന് നടക്കും. ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ബിയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. തിരുവനന്തപുരത്ത് നിന്നു ജയിച്ച ആന്റണി രാജുവും പത്തനാപുരത്ത് നിന്നു ജയിച്ച കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരാകും. കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിസ്ഥാനത്തു നിന്ന് മാറിനില്‍ക്കും.