പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; പരിഗണന പട്ടികയില്‍ തോമസ് ഐസക് മുതല്‍ പി.രാജീവ് വരെ
അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത
P Rajeev and Pinarayi Vijayan
പിണറായി വിജയനു ഒരു ടേം കൂടി നല്‍കണമോ എന്ന കാര്യത്തില്‍ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കും. ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ടേമിലെ പ്രകടനം കണക്കിലെടുത്ത് പിണറായി വിജയനു ഒരു ടേം കൂടി നല്‍കാനും സിപിഎം തയ്യാറാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സംസ്ഥാന സമ്മേളനങ്ങള്‍ക്കാണെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു ഓപ്ഷനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട ആവശ്യമില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പിണറായി വിജയന്‍ തന്നെ 2026 ലെ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ നയിക്കും. വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി തയ്യാറാണെങ്കില്‍ അതിനുവേണ്ടിയുള്ള പ്രായപരിധി 'വിട്ടുവീഴ്ചകള്‍' കൊല്ലം സമ്മേളനത്തില്‍ ഉണ്ടാകും.
അതേസമയം ആരോഗ്യബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ച് വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പിണറായി തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടേം നിബന്ധനയില്‍ തനിക്കു വേണ്ടി മാത്രം വിട്ടുവീഴ്ച വരുത്തിയാല്‍ അത് പിന്നീട് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന കീഴ് വഴക്കം ആയേക്കാമെന്ന ആശങ്കയും പിണറായിക്കുണ്ട്. ഇക്കാരണത്താല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിണറായി തയ്യാറാകില്ല. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. തലമുറ മാറ്റത്തിനു വേഗത കൂട്ടുക എന്ന ലക്ഷ്യം കൂടി ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിന്റെ അജണ്ടയിലുണ്ട്.