Select Your Language

Notifications

webdunia
webdunia
webdunia
webdunia

76-ാം വയസ്സിലും ഔട്ട്‌ഡേറ്റഡാകാത്ത പിണറായി

76-ാം വയസ്സിലും ഔട്ട്‌ഡേറ്റഡാകാത്ത പിണറായി
, വെള്ളി, 21 മെയ് 2021 (20:46 IST)
'നിങ്ങളുടെ കൈയില്‍ മാത്രമല്ല, എന്റെ കൈയിലും ഇതുണ്ട്,' കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മൂന്നിന് തന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കൈയിലുള്ള ഐ പാഡ് ഉയര്‍ത്തി പറഞ്ഞതാണ്. മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ ഒരു ഫയലില്‍ അദ്ദേഹത്തിന്റെ ഒപ്പ് വന്നത് കൃത്രിമം നടന്നതിന്റെ തെളിവാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഡിജിറ്റല്‍ ഒപ്പിന്റെ സാധ്യതകള്‍ വിവരിച്ച് സ്വന്തം ഐ പാഡ് ഉയര്‍ത്തിയാണ് അന്ന് പിണറായി സംസാരിച്ചത്. 
 
കേരള രാഷ്ട്രീയത്തില്‍ ഔട്ട്‌ഡേറ്റഡ് ആകാത്ത രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്ന് നിസംശയം പറയാം. കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള ഈ ഉത്സുകതയാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കാലവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയപ്പോള്‍ പിണറായി വിജയന്റെ നേതൃപാഠവവും സാങ്കേതിക പരിജ്ഞാനവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 
 
ഗെയ്ല്‍ പൈപ്പ് ലൈന്‍, കെ-ഫോണ്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പിണറായി വിജയന് ശാഠ്യമുണ്ടായിരുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ കുറിച്ച് പിണറായി സ്വയം പുതുക്കിയിരുന്നു. കേരളം കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അനുകൂല മണ്ണാകാനും ഒന്നാം പിണറായി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 
 
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ ഊന്നല്‍ നല്‍കിയത് ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരാന്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചാണ്. 25 വര്‍ഷത്തിനപ്പുറം വികസിത രാജ്യങ്ങളിലുള്ളതിനു സമാനമായ ജീവിതസാഹചര്യം കേരളത്തിലുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നവീകരിക്കാനും വളര്‍ത്താനും പ്രത്യേകനയം രൂപപ്പെടുത്തുകയും അതിലൂടെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിണറായി ആവര്‍ത്തിച്ചു വ്യക്തമാക്കി. 
 
കെ.കെ.ശൈലജയടക്കമുള്ള മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കാതെ പുതിയ മന്ത്രിസഭ രൂപീകരിച്ചതിലും പിണറായി വിജയന്റെ കാഴ്ചപ്പാട് വ്യക്തമാകുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം, മന്ത്രിസഭാ രൂപീകരണം എന്നിവയില്‍ സിപിഎം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന് നയം രൂപീകരിച്ചത് പിണറായിയാണ്. ബംഗാളും ത്രിപുരയും പാഠമാക്കി വേണം പാര്‍ട്ടി മുന്നോട്ടുപോകേണ്ടതെന്ന് പിണറായി ആദ്യമേ വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഇതിനായി പച്ചക്കൊടി നേടിയെടുത്തു. പിന്നീടങ്ങോട്ട് ഓരോ തീരുമാനങ്ങളും കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്നതായിരുന്നു. 
 
ഇപ്പോഴത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 56 ആണ്. വളരെ സുപ്രധാന വകുപ്പുകള്‍ വഹിക്കുന്ന മന്ത്രിമാര്‍ താരതമ്യേന പ്രായം കുറഞ്ഞവരും. പിണറായിയുടെയും സിപിഎമ്മിന്റെയും നയം വ്യക്തമാണ്. തങ്ങള്‍ക്ക് ശേഷമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ നിക്ഷേപം മുന്നേക്കൂട്ടി നടത്തിയിരിക്കുകയാണ്. 
 
മുഖ്യമന്ത്രിയായതിനു ശേഷവും മുന്‍പും പിണറായി വിജയനെടുത്തിരുന്ന പല തീരുമാനങ്ങളും 'പിണറായി വിജയന്റെ വലത് വ്യതിയാനം' എന്ന തരത്തിലെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന പിണറായിയുടെ നിലപാട് പാര്‍ട്ടിയില്‍ പോലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, 2021 ലേക്ക് എത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്‍ സ്വീകരിച്ചിരുന്ന പല നിലപാടുകള്‍ക്കും ജനകീയ പരിവേഷം ലഭിച്ചുകഴിഞ്ഞു. ഈ നിലപാട് ഇനിയും തുടരുമെന്ന സൂചനയാണ് ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം 76 കാരനായ പിണറായി വിജയന്‍ നല്‍കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശുഭമായ നമ്പർ? പതിമൂന്നാം നമ്പർ കാർ കഴിഞ്ഞ തവണ ഏറ്റെടുത്തത് തോമസ് ഐസക്, ഇത്തവണ പി പ്രസാദ്