തന്നെ അപകീർത്തിപ്പെടുത്തിയതായി കാണിച്ച് 118എ പ്രകാരം മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഷഹദ് റഹ്മാൻ നൽകിയ പിൻവലിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഇടതുപക്ഷ സർക്കാർ പുതിയതായി കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ രൂക്ഷമായാണ് ഫിറോസ് പ്രതികരിച്ചത്.
118എ നടപ്പിലായാൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന് ആദ്യം അറസ്റ്റിലാകുക ദേശാഭിമാനിയിലും കൈരളി ടിവിയിലും ഉള്ളവരാകുമെന്നും നിയമം നടപ്പിലായാൽ ജയിലുകൾ സിപിഎംകാരെ കൊണ്ട് നിറയുമെന്നും ഫിറോസ് പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പികെ ഫിറോസിന്റെ പ്രതികരണം.
പികെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും. സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.
ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?
NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്.