കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃക എന്നാണ് രാഷ്ട്രപതി പറഞ്ഞത്.
21-ാം നൂറ്റാണ്ട് വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി നിരവധി മാനവ വികസന സൂചികകളില്‍ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കി എന്നും രാഷ്ട്രപതി പറഞ്ഞു. പ്രസംഗത്തില്‍ കോട്ടയത്തിനും രാഷ്ട്രപതി പ്രശംസ നല്‍കി. കോട്ടയം രാജ്യത്തിന് നല്‍കിയ സംഭാവനകളും എടുത്തുപറഞ്ഞു.
ജീവിത സാഹചര്യത്തില്‍ നിന്ന് രാഷ്ട്രപതി വരെയായ കെആര്‍ നാരായണന്‍ പാലായിക്കടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു. കൂടാതെ വൈക്കം സത്യാഗ്രഹം എന്ന മഹത്തായ സമരം 100 വര്‍ഷം മുമ്പ് കോട്ടയത്താണ് നടന്നതെന്ന് അവര്‍ പറഞ്ഞു.