ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു
ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്
കേരള സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റര്‍ തള്ളി മാറ്റി.
ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായാണ് രാഷ്ട്രപതി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്.
11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും.