സുരേന്ദ്രന്‍ വേണ്ടെന്ന് അമിത് ഷാ; ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനാകും
സുരേന്ദ്രനെ വെട്ടി അമിത് ഷാ; ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനാകും
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അഡ്വ: പിഎസ് ശ്രീധരന്‍പിള്ള എത്തുമെന്ന് റിപ്പോര്‍ട്ട്. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തും.
രണ്ടു ദിവസത്തിനുള്ളില്‍ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന പ്രഖ്യാപനമുണ്ടാകും. വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആർഎസ്എസ് സ്വീകരിച്ച നിലപാടാണ് രണ്ടാം വട്ടവും സംസ്‌ഥാന അധ്യക്ഷസ്ഥാനത്തെക്ക് ശ്രീധരൻ പിള്ളയെ എത്തിക്കാന്‍ സഹായിച്ചത്.
സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ശക്തമായ നീക്കം നടത്തിയെങ്കിലും കേന്ദ്രനേതൃത്വം ശ്രീധരന്‍പിള്ളയ്‌ക്ക് മുന്‍ഗണന നല്‍കി. അമിത് ഷായുടെയും ആർഎസ്എസിന്റെയും എതിര്‍പ്പാണ് സുരേന്ദ്രന് തിരിച്ചടിയായത്. പികെ കൃഷ്‌ണദാസ്, എഎന്‍ രാധാകൃഷ്‌ണന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നുവെങ്കിലും ഗ്രൂപ്പ് പോര് തിരിച്ചടിയായി.
ഔദ്യോഗിക പ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശ്രീധരൻ പിള്ള ഡൽഹിയിൽ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ചർച്ച നടത്തി.