പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറാണ് ധനസഹായം പ്രഖ്യാപിച്ചത്. കൂടാതെ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ നാലു പേരാണ് മരണപ്പെട്ടത്.
മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമാ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്. ഇടുക്കി പുല്ലുപാറക്ക് സമീപം റോഡില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്കാണ് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞത്. ബസില്‍ അപകട സമയത്ത് മുപ്പതിനാല് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ബസ്സിനടിയില്‍പ്പെട്ടവരാണ് മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
മാവേലിക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് എടുത്ത് തഞ്ചാവൂര്‍ ക്ഷേത്രത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മടങ്ങി വരവിലാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം റോഡിന്റെ ബാരിക്കേറ്റുകള്‍ തകര്‍ത്ത് താഴ്ചയിലേക്ക് വീഴുകയായിരുന്നു.