ഗവേഷണരംഗത്ത് കോപ്പിയടി വ്യാപകം; ശിക്ഷ കർശനമാക്കി യുജിസി
ഗവേഷണരംഗത്ത് കോപ്പിയടി വ്യാപകം; ശിക്ഷ കർശനമാക്കി യുജിസി
ഗവേഷണരംഗത്തെ കോപ്പിയടിക്ക് ഇനി മുതൽ ശിക്ഷ കർശനം. പിഎച്ച്ഡി, എംഫിൽ തുടങ്ങിയ ഗവേഷണ റിപ്പോർട്ടുകളിലും മറ്റും കോപ്പിയടി വ്യാപകമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്തരത്തിലുള്ള നടപടി. കർശന ശിക്ഷയുമായി യു ജി സിയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
അറുപത് ശതമാനത്തിലധികം കോപ്പിയടിച്ചെന്ന് മനസ്സിലാക്കിയാൽ വിദ്യാർത്ഥിയുടെ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കും. അറുപത് ശതമാനം വരെയാണെങ്കിൽ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്യും. 10 മുതൽ 40 ശതമാനംവരെ പകർത്തിയെഴുതിയതെങ്കിൽ ആറുമാസത്തിനകം പുതിയ പ്രബന്ധം സമർപ്പിക്കണം.
കോപ്പിയടി ആവർത്തിച്ചാൽ സർവീസിൽ നിന്ന് പിരിച്ചുവിടാനും വ്യവസ്ഥയുണ്ട്. പരാതി ആദ്യം നൽകേണ്ടത് ഡിപ്പാർട്ട്‌മെന്റൽ അക്കാദമിക് ഇന്റഗ്രിറ്റി പാനലിനാണ്. പരാതി പരിശോധിച്ച് 45 ദിവസത്തിനകം റിപ്പോർട്ട് സഹിതം ഇത് ഇൻസ്റ്റിറ്റ്യൂഷണൽ അക്കാദമിക് ഇന്റഗ്രിറ്റി പാനലിന് നൽകണം. ഈ സമിതിയും 45 ദിവസത്തിനകം സ്ഥാപനമേധാവിക്ക് റിപ്പോർട്ട് നൽകണം. ബിരുദംനേടിയ ശേഷമാണ് കോപ്പിയടി പിടിക്കപ്പെടുന്നതെങ്കിലും നടപടിയുണ്ടാകും.