PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ഇപ്പോഴത്തെ 'യു ടേണ്‍'
PV Anvar: കോണ്‍ഗ്രസിനു പൂര്‍ണമായി വഴങ്ങി പി.വി.അന്‍വര്‍. കോണ്‍ഗ്രസ് നേതൃത്വവുമായി അന്‍വര്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരാകണം സ്ഥാനാര്‍ഥിയെന്ന് യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസും തീരുമാനിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
നേരത്തെ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് തള്ളുകയായിരുന്നു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ അന്‍വര്‍ ആയിട്ടില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്.
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ഇപ്പോഴത്തെ 'യു ടേണ്‍'. കോണ്‍ഗ്രസ് ആരെ തീരുമാനിക്കുന്നോ ആ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില്‍ ഒരു പേരും താന്‍ മുന്നോട്ടുവയ്ക്കുന്നില്ലെന്നും കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം പിണറായി വിജയനെതിരെ എല്ലാവരെയും അണിനിരത്തി മുന്നോട്ടു പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.