കോട്ടയം : റാഗിംഗ് കേസിൽ ഒമ്പതു വിദ്യാർത്ഥികൾക്ക് കോടതി രണ്ടു വർഷം വീതം തടവുശിക്ഷ വിധിച്ചു. നാട്ടകം പോളിടെക്നിക്കിലെ ഒമ്പതു ഒന്നാം വര്ഷം വിദ്യാർത്ഥികളെ റാഗു ചെയ്തതിനാണ് സീനിയർ വിദ്യാർത്ഥികളായ ഒമ്പതു പേരെ ശിക്ഷിച്ചത്. ഇതിനൊപ്പം പന്ത്രണ്ടായിരം രൂപാ വീതം പിഴയൊടുക്കാനും ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
2016 ഡിസംബർ രണ്ടിന് രാത്രി കോളേജ് ഹോസ്റ്റലിൽ വച്ചാണ് ജൂനിയർ കുട്ടികളെ ഹോസ്റ്റലിൽ നഗ്നരാക്കി നിർത്തി വെള്ളമില്ലാത്ത തറയിൽ നീന്തിക്കുകയും ഒറ്റക്കാലിൽ നിർത്തിയതിനുമാണ് ശിക്ഷ. ഇതിനൊപ്പം അലമാരയ്ക്കുള്ളിൽ ഇവരെ കയറ്റിയിരുത്തി പാട്ടുപഠിക്കുകയും മദ്യം നിർബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തു.
റാഗിംഗിന് ഇരയായ ചില കുട്ടികളുടെ പരിക്ക് ഗുരുതരമായതോടെയാണ് പരാതിയും തുടർന്ന് കേസും ഉണ്ടായത്. ചിങ്ങവനം പൊലീസാണ് കേസ് ചാർജ്ജ് ചെയ്തത്.