Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും
രാഹുലിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു
Rahul Mamkootathil: ലൈംഗിക പീഡനക്കേസ് അറസ്റ്റ് പേടിച്ചു ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി അന്വേഷണം ഊര്‍ജ്ജിതം. രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ കീഴില്‍ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്തനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നിയോഗിച്ചിരിക്കുകയാണ്.
രാഹുലിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് കണ്ടെത്താനായില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലും പ്രത്യേക പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഒളിവില്‍ കഴിയുന്നതിനെ കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്കു അറിയാമെന്നാണ് പൊലീസ് കരുതുന്നത്.
ഡിസംബര്‍ മൂന്ന് (ബുധന്‍) രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ തീരുമാനമാകും മുന്‍പ് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനു തടസമില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അറസ്റ്റെന്നാണ് വിവരം.