Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊളിയുന്നു സതീശന്റെ 'പവര്‍ ഗ്രൂപ്പ്'; രാഹുലിന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവരും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ കോണ്‍ഗ്രസിനു ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിരിക്കുന്നത്

Rahul Mamkootathil, Rahul Mamkootathil VD Satheesan Shafi Parambil, രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, കെപിസിസി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്

രേണുക വേണു

Thiruvananthapuram , ചൊവ്വ, 26 ഓഗസ്റ്റ് 2025 (11:10 IST)
Rahul Mamkootathil, Ramesh Chennithala and VD Satheesan

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നേതാവ്. പിന്നീട് യൂത്ത് കോണ്‍ഗ്രസിലെത്തി, കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി നിയമസഭയിലെത്തി. രാഷ്ട്രീയ സമരങ്ങളില്‍ പൊലീസിന്റെ ലാത്തിച്ചാര്‍ജും അക്രമണങ്ങളും നേരിട്ട മറ്റു പല നേതാക്കളും പുറത്തുനില്‍ക്കുമ്പോഴാണ് അധികം ഷര്‍ട്ട് ചുളിയാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ച. അന്നേ ചോദ്യങ്ങള്‍ ഉയര്‍ന്നതാണ് രാഹുല്‍ എങ്ങനെ അതിവേഗം താക്കോല്‍ സ്ഥാനങ്ങളിലെത്തിയെന്ന്. ഇപ്പോളിതാ ആ കയറ്റത്തേക്കാള്‍ വേഗത്തിലും ആഴത്തിലും പൊളിറ്റിക്കല്‍ കരിയറിനു പതനം ! 
 
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ കോണ്‍ഗ്രസിനു ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിരിക്കുന്നത്. രാഹുലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍, മുതിര്‍ന്ന നേതാക്കളായ കെ.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരെല്ലാം രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിലപാടിലായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ്, ബിന്ദു കൃഷ്ണ തുടങ്ങി വനിത നേതാക്കളും രാഹുലിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടവരാണ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും സമാന നിലപാട് തന്നെ. രാഹുല്‍ പക്ഷത്തുള്ളത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, ഷാഫി പറമ്പില്‍ എംപിയും മാത്രം.
 
കോണ്‍ഗ്രസിന്റെ ശബ്ദമെന്ന് സ്വയം ഊറ്റംകൊണ്ട രാഹുല്‍ ഇപ്പോള്‍ സാങ്കേതികമായി കോണ്‍ഗ്രസ് എംഎല്‍എയല്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്നതോടെ രാഹുല്‍ 'സ്വതന്ത്ര എംഎല്‍എ'യായി ചുരുങ്ങും. സഭ ചേരുന്ന ദിവസങ്ങളില്‍ ഒരു മിനിറ്റില്‍ കൂടുതല്‍ സംസാരിക്കാന്‍ അവസരം ലഭിക്കില്ല. മാത്രമല്ല കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇരിക്കുന്ന ബ്ലോക്കില്‍ നിന്ന് ഇരിപ്പിടവും മാറും. 
 
നിലവില്‍ പാലക്കാട് എംഎല്‍എയായ രാഹുലിനു കോണ്‍ഗ്രസില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സകല പ്രിവില്ലേജുകളും ഇതോടെ അവസാനിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കില്ലെന്ന കടുത്ത തീരുമാനത്തിലേക്കും കോണ്‍ഗ്രസ് നേതൃത്വം എത്തി. എല്ലാവിധ പിന്തുണയും നല്‍കി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുല്‍ ആ പാര്‍ട്ടിയെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയെന്നാണ് കോണ്‍ഗ്രസിലെ പൊതുഅഭിപ്രായം. അതിനാല്‍ രാഹുലിനു ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. 
 


ആരോപണം ഉയര്‍ന്നതിന്റെ തുടക്കസമയത്ത് രാഹുലിനെ പ്രതിരോധിക്കുകയായിരുന്നു കോണ്‍ഗ്രസ്. രാഹുലിനെതിരെ പരാതിയൊന്നും ഇല്ലല്ലോ എന്നതായിരുന്നു പ്രതിരോധ കവചം. എന്നാല്‍ ചില ശബ്ദരേഖകള്‍ പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വത്തിനും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയായി. രാഹുലിന്റേതെന്ന നിലയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഈ ശബ്ദരേഖകളെയൊന്നും രാഹുല്‍ ഇതുവരെ തള്ളിപ്പറയാത്തത് പ്രശ്‌നങ്ങളുടെ തീവ്രത കൂട്ടുന്നു. 
 
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഹുലിനെ മാത്രമല്ല പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. മറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഷാഫി പറമ്പില്‍ എംപിയെയും കൂടിയാണ്. പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ആയുധമാക്കിയ നേതാക്കളില്‍ ഒരാളാണ് മാങ്കൂട്ടത്തില്‍. ഷാഫിയെയും മാങ്കൂട്ടത്തിലിനെയും ചേര്‍ത്തുനിര്‍ത്തിയായിരുന്നു സതീശന്റെ പല ആഭ്യന്തര ഓപ്പറേഷനുകളും. മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ഈ ഗ്രൂപ്പിസത്തില്‍ നീരസമുണ്ടായിരുന്നു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നീക്കങ്ങള്‍ക്കൊപ്പം സതീശന്റെ പവര്‍ ഗ്രൂപ്പ് പൊളിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തില്ല