നടന്‍ ആസിഫ് അലി അപമാനിക്കപ്പെട്ട സംഭവത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 'എന്നെ തല്ലാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പറ്റില്ല, എന്നെ തല്ലാന്‍ അമരീഷ് പൂരി വരട്ടെ' എന്നായിരുന്നു പരിഹസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ വിമര്‍ശിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം-
എന്നെ തല്ലാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പറ്റില്ല, എന്നെ തല്ലാന്‍ അമരീഷ് പൂരി വരട്ടെ' എന്ന ഒരു സരോജ് കുമാര്‍ ഡയലോഗുണ്ട് 'ഉദയനാണ് താരം' എന്ന സിനിമയില്‍. ആ ഡയലോഗ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്‌സിലൂടെ' റദ്ദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരന്‍. ഒരു മനുഷ്യന്‍ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിര്‍ക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവര്‍ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്....