'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല
കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ വ്യാജ ആരോപണം ഉന്നയിച്ചത്
Rahul Mamkootathil and Ramesh Chennithala
കേരളത്തില്‍ നിപ ബാധിച്ചവരെല്ലാം മരിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വ്യാജ ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ' നിപ ബാധിച്ച ആളുകള്‍ എല്ലാം മരിച്ചില്ലല്ലോ?' എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
' നിപയെ നമ്മള്‍ എല്ലാവരും കൂടി ചേര്‍ന്ന് ചെറുത്ത് തോല്‍പ്പിക്കുകയാണ് വേണ്ടത്. ഇപ്പോ പല സ്ഥലത്തും വീണ്ടും പ്രത്യക്ഷപ്പെടുന്നു എന്ന് കേള്‍ക്കുന്നുണ്ട്. അതിനെതിരെ ഒറ്റക്കെട്ടായി പോരാടണം,' ചെന്നിത്തല പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ വ്യാജ ആരോപണം ഉന്നയിച്ചത്. ' ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ഗവണ്‍മെന്റിനു കൈകാര്യം ചെയ്യേണ്ടിവന്ന രണ്ട് ആരോഗ്യ അടിയന്തരാവസ്ഥ ഏതൊക്കെയാ? ഒന്ന് നിപയും പിന്നൊന്ന് കോവിഡും. എന്താ നിപയുടെയും കോവിഡിന്റെയും അവസ്ഥ. നിപ ആര്‍ക്കൊക്കെ ബാധിച്ചോ ആ രോഗികളൊക്കെ മരിച്ചു. സര്‍ക്കാര്‍ പറയുന്നു ഞങ്ങളുടെ വിജയം. ഒരു രോഗം വന്ന് മുഴുവന്‍ ആളുകളും മരിക്കുന്നതിനെയാണോ ഒരു സര്‍ക്കാരിന്റെ വിജയമായി പറയുന്നത്?,' എന്നാണ് രാഹുല്‍ പ്രസംഗിച്ചത്.