' കൊക്കെയ്ന്‍ ഒന്നും പോയിട്ടില്ല, അവന്‍ എന്നോടു 50 ഗ്രാം ആണ് പറഞ്ഞേ'; റിന്‍സിയുടെ ലഹരി ഇടപാട് സന്ദേശങ്ങള്‍ പുറത്ത്
കൊക്കെയ്ന്‍ ഇടപാടുമായി ബന്ധപ്പെട്ട റിന്‍സിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്
Publish Date: Fri, 11 Jul 2025 (11:13 IST)
Updated Date: Fri, 11 Jul 2025 (11:16 IST)
Rincy Mumthaz - MDMA Case
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ റിന്‍സി മുംതാസിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. റിന്‍സി ലഹരി ഇടപാട് നടത്തിയതിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിനു ലഭിച്ചു. ലക്ഷങ്ങളുടെ ലഹരിക്കച്ചവടമാണ് റിന്‍സിയും ഒപ്പം പിടിയിലായ യാസര്‍ അറാഫത്തും ചേര്‍ന്ന് നടത്തിയിരുന്നത്.
കൊക്കെയ്ന്‍ ഇടപാടുമായി ബന്ധപ്പെട്ട റിന്‍സിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. ' അവന്‍ എന്നോടു 50 ഗ്രാം ആണ് ചോദിച്ചത്', ' ഇനി എത്ര തരണം', ' കൊക്കെയ്ന്‍ ഒന്നും പോയിട്ടില്ല' തുടങ്ങിയ സന്ദേശങ്ങള്‍ ഈ സ്‌ക്രീന്‍ഷോട്ടില്‍ കാണാം. ലഹരി ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നവര്‍ക്ക് എംഡിഎംഎ അടക്കമുള്ള മാരക ലഹരി പദാര്‍ത്ഥങ്ങളുടെ ചിത്രങ്ങള്‍ റിന്‍സി വാട്‌സ്ആപ്പിലൂടെ അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
വയനാട്ടില്‍ നിന്ന് പിടിയിലായ സംഘമാണ് റിന്‍സിയെ കുറിച്ചുള്ള വിവരം നല്‍കിയത്. ലഹരി വാങ്ങാന്‍ പണം മുടക്കിയിരുന്നത് റിന്‍സിയാണ്. കച്ചവടം നടത്തി പണവും ലാഭവും വാങ്ങിയിരുന്നത് റിന്‍സിയുടെ കൂടെ പിടിയിലായ യാസര്‍ അറാഫത്ത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി എത്തിയിരുന്നതെന്നും വിവരമുണ്ട്.
റിന്‍സിക്കു സിനിമ മേഖലയുമായി അടുത്ത ബന്ധം
റിന്‍സി മുംതാസിനു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. ലഹരി ഇടപാടില്‍ സിനിമ താരങ്ങള്‍ക്കു ഇടനിലക്കാരിയായി റിന്‍സി പ്രവര്‍ത്തിച്ചിരുന്നതായാണ് സൂചന. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
സിനിമ പ്രൊമോഷന്‍ കമ്പനിയായ 'ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ്' ക്രിയേറ്റീവ് ഹെഡ് ആയിരുന്നു റിന്‍സി. പൃഥ്വിരാജ് സിനിമയായ 'ആടുജീവിതം', ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ', ജോജു ജോര്‍ജ് ചിത്രം 'പണി' എന്നിവയുടെ പ്രൊമോഷന്‍ പരിപാടികളില്‍ റിന്‍സി സജീവസാന്നിധ്യമായിരുന്നു. സിനിമ താരങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ലഹരി പിടിച്ച ഫ്ളാറ്റില്‍ മലയാള സിനിമയിലെ പല പ്രമുഖരും എത്തിയിട്ടുണ്ടെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.
റിന്‍സി മുംതാസ് വാടകയ്ക്കെടുത്ത ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിനിമ മേഖലയിലുള്ളവര്‍ ഈ ഫ്ളാറ്റില്‍ എത്തിയിരുന്നു. എംഡിഎംഎയുമായി പിടിയിലായ യാസറിനു ലഹരി എത്തിക്കാന്‍ റിന്‍സി പണം നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. 20.55 ഗ്രാം എംഡിഎംഎയുമായാണ് റിന്‍സിയെയും യാസറിനെയും കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റില്‍ നിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പത്ത് മാസം മുന്‍പാണ് റിന്‍സി ഈ ഫ്ളാറ്റ് വാടകയ്ക്കെടുത്തിരുന്നത്. അതിനുശേഷം പലപ്പോഴായി യാസറിനു ലഹരി എത്തിക്കാന്‍ പണം നല്‍കിയിരുന്നു. ഈ പണം സിനിമ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കിയതാകാമെന്നും റിന്‍സി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നുമാണ് നിഗമനം.
റിന്‍സിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള ആരെങ്കിലുമായി പണം ഇടപാടുകള്‍ ഉണ്ടോയെന്ന് അറിയാനാണ് ഇത്. ഫ്ളാറ്റിലെ സന്ദര്‍ശകര്‍ ആരൊക്കെയായിരുന്നെന്നും പൊലീസ് അന്വേഷിക്കുന്നു. നിലവില്‍ രണ്ട് പേരും റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തൃക്കാക്കര പൊലീസ് ചോദ്യം ചെയ്യും.
അതേസമയം റിന്‍സിയെ തള്ളി ഒബസ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെത്തി. ക്രിയേറ്റീവ് ഹെഡായി പ്രവര്‍ത്തിച്ചിരുന്ന റിന്‍സിയെ ലഹരി ഇടപാട് കേസില്‍ പിടിച്ചത് അവരുടെ സ്വകാര്യ താമസസ്ഥലത്തുനിന്നാണെന്നും ഈ വിഷയത്തില്‍ തങ്ങള്‍ക്കു യാതൊരു ബന്ധവും ഇല്ലെന്നും ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.