ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം
മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം ഏറ്റവും കുറവ് തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ
ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സുഖദര്‍ശനം. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ തീര്‍ഥാടകരുടെ തിരക്കും ഗണ്യമായി കുറഞ്ഞു. ഇന്നലെ ഉച്ചപൂജ ആയപ്പോള്‍ പതിനെട്ടാംപടി കയറാന്‍ വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ പകുതിയില്‍ താഴെ മാത്രമായി.
മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം ഏറ്റവും കുറവ് തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നു ഹൈക്കോടതി ഇടപെട്ടാണു നിയന്ത്രണം കടുപ്പിച്ചത്.
സ്‌പോട് ബുക്കിങ് 5,000 പേര്‍ക്കു മാത്രമായി കുറച്ചത് തിക്കും തിരക്കും കുറയാന്‍ കാരണമായി. നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ (സത്രം) എന്നിവിടങ്ങളില്‍ മാത്രമാണു സ്‌പോട് ബുക്കിങ്. പമ്പ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ കൗണ്ടറുകള്‍ പൂട്ടി. ഇതുകാരണം പമ്പയില്‍ എത്തിയാല്‍ ദര്‍ശനത്തിനായി സന്നിധാനത്തേക്കു പോകാന്‍ കഴിയുമോ എന്ന സംശയമാണു തീര്‍ഥാടകരെ അലട്ടുന്നത്.
പുല്ലുമേട് വഴി വരുന്ന തീര്‍ഥാടകര്‍ക്കായിട്ടാണു വണ്ടിപ്പെരിയാര്‍ സത്രത്തിലെ സ്‌പോട് ബുക്കിങ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ 12.30 വരെ പുല്ലുമേട് വഴി 1138 പേരാണു സന്നിധാനത്തേക്കു നീങ്ങിയത്. വെര്‍ച്വല്‍ ക്യൂ വഴി 70,000 പേര്‍ക്കാണ് ദര്‍ശനം ലഭിക്കുക. ഡിസംബര്‍ 12 വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. നവംബര്‍ 24 വരെ 5,000 പേര്‍ക്കു മാത്രമാണ് സ്‌പോട്ട് ബുക്കിങ്.