സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം
രാത്രിയില്‍ എത്തിയ തീര്‍ഥാടകരുടെ മുഴുവന്‍ വാഹനങ്ങളും നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കയറ്റിയിട്ടു
അഭൂതപൂര്‍വ്വമായ തിരക്കിനു പിന്നാലെ ശബരിമലയില്‍ നിയന്ത്രണം കര്‍ശനമാക്കി. എന്‍ഡിആര്‍എഫ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ തീര്‍ഥാടകരെ നിലയ്ക്കല്‍ തടഞ്ഞു നിര്‍ത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാന്‍ അനുവദിക്കുന്നത്.
രാത്രിയില്‍ എത്തിയ തീര്‍ഥാടകരുടെ മുഴുവന്‍ വാഹനങ്ങളും നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കയറ്റിയിട്ടു. നിലയ്ക്കലില്‍ വിശ്രമിച്ച ശേഷം മാത്രം പമ്പയിലേക്ക് പോകണമെന്ന് പൊലീസ് തീര്‍ഥാടകര്‍ക്കു നിര്‍ദേശം നല്‍കി.
തൃശൂരില്‍ നിന്നുള്ള 35 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേന്ദ്ര സേന എത്താതിരുന്നത് വിവാദമായിരുന്നു.
ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോള്‍ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനു നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കി.