Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം
മഴമൂലം പരമ്പരാഗത കാനനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കാളകെട്ടി, അഴുത എന്നിവിടങ്ങളില്‍ കുടുങ്ങിയ 450 തീര്‍ഥാടകരെ പമ്പയില്‍ എത്തിച്ചു
Sabarimala News: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം. മഴയെ തുടര്‍ന്ന് കരിമല, പുല്ലുമേട് എന്നീ രണ്ട് കാനന പാതകളിലൂടെയുള്ള ശബരിമല തീര്‍ഥാടകരുടെ കാല്‍നട യാത്രയ്ക്കു നിരോധനം. കരിമല വഴിയുള്ള കാനന പാതയില്‍ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളില്‍ വനപാലകര്‍ തീര്‍ഥാടകരെ തടഞ്ഞു മടക്കി അയയ്ക്കുകയാണ്.
മഴമൂലം പരമ്പരാഗത കാനനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കാളകെട്ടി, അഴുത എന്നിവിടങ്ങളില്‍ കുടുങ്ങിയ 450 തീര്‍ഥാടകരെ പമ്പയില്‍ എത്തിച്ചു. എരുമേലിയില്‍ നിന്നു കെഎസ്ആര്‍ടിസി 11 ബസ് അയച്ച് ഇവരെ പമ്പയില്‍ എത്തിക്കുകയായിരുന്നു.
അഴുതക്കടവ് മുതല്‍ പമ്പ വരെ 18 കിലോമീറ്റര്‍ ദൂരമുണ്ട്. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മഴ മൂലം മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത ആവശ്യമാണ്. ഇന്ന് വൈകിട്ട് നാലുമുതല്‍ ശബരിമലയില്‍ കനത്ത മഴ പെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 58,600 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി.