ഒടുവില്‍ മമ്മൂട്ടിയും ചോദിച്ചു, 'ബിര്‍ണാണി കിട്ടിയോ?'; ശങ്കു ഡബിള്‍ ഹാപ്പി (വീഡിയോ)
പരിപാടികള്‍ക്കിടെ ശങ്കു സ്റ്റേജിലെത്തി മമ്മൂട്ടിയെ കണ്ടു
മാതൃഭൂമി ന്യൂസും റോസ് ബ്രാന്‍ഡും ചേര്‍ന്നൊരുക്കിയ ബിരിയാണി ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ രണ്ട് ബിരിയാണി പ്രേമികള്‍ കണ്ടുമുട്ടി, അഞ്ച് വയസുകാരന്‍ ശങ്കുവും മലയാളത്തിന്റെ മെഗാസ്റ്റാറും 73 കാരന്‍ മമ്മൂട്ടിയും ! ബിരിയാണിയെന്ന് അക്ഷരം തെറ്റാതെ പറയാന്‍ അറിയുന്ന മമ്മൂട്ടി ശങ്കുവിനോളം ചെറുതായി ചോദിച്ചു, 'ബിര്‍ണാണി കിട്ടിയോ? കൊള്ളാമോ?'. കൂളിങ് ഗ്ലാസില്‍ സ്റ്റൈല്‍ വിടാതെ ശങ്കു മമ്മൂട്ടിയെ ഓര്‍മിപ്പിച്ചു, 'ബിര്‍ണാണി മാത്രമല്ല പൊരിച്ച കോഴിയും'
അങ്കണവാടിയില്‍ ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് കൊച്ചുമിടുക്കന്‍ ശങ്കൂവിനെ കൊച്ചിയില്‍ നടന്ന ബിരിയാണി ഫെസ്റ്റിലേക്ക് മാതൃഭൂമിയും റോസ് ബ്രാന്‍ഡും ചേര്‍ന്ന് ക്ഷണിച്ചത്. പരിപാടികള്‍ക്കിടെ ശങ്കു സ്റ്റേജിലെത്തി മമ്മൂട്ടിയെ കണ്ടു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് ശങ്കു വൈറലായത്. അങ്കണവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും നല്‍കണമെന്നായിരുന്നു ശങ്കൂന്റെ ആവശ്യം. ശങ്കൂന്റെ വീഡിയോ കണ്ട ശേഷം അങ്കണവാടികളില്‍ ബിരിയാണി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് ശിശുക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. മാത്രമല്ല സംസ്ഥാനത്ത് പല അങ്കണവാടികളിലും ഇതിനോടകം കുട്ടികള്‍ക്ക് ബിരിയാണി നല്‍കുകയും ചെയ്തു.