കലൂരില്‍ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ വ്യാഴാഴ്ച ആശുപത്രി വിടാനൊരുങ്ങുന്നു. 44 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ഉമാ തോമസ് വീട്ടിലേക്ക് മടങ്ങുന്നത്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാളെ വൈകിട്ട് കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എംഎല്‍എയും മാധ്യമങ്ങളെ കാണും.
വീട്ടില്‍ നവീകരണം നടക്കുന്നതിനാല്‍ എറണാകുളം പൈപ്പ്ലൈന്‍ റോഡിലെ വാടക വീട്ടിലേക്കാണ് ഉമാ തോമസ് പോകുന്നത്. തന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ച ആളുകള്‍ക്കും ഹൃദയസ്പര്‍ശിയായ സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളുകള്‍ക്കും എംഎല്‍എ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നന്ദി പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു അപകടം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ.
വേദിയുടെ അരികിലൂടെ നടക്കുന്നതിനിടെ നില തെറ്റിയ എംഎല്‍എ ഉയരത്തില്‍ നിന്ന് സിന്തറ്റിക് ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.