Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുകുമാരക്കുറുപ്പിനെ വെല്ലുന്ന സനു മോഹൻ, പോലീസിനെ വെട്ടിച്ച് മൂകാംബികയിൽ നിന്നും മുങ്ങിയെന്ന് സംശയം

സുകുമാരക്കുറുപ്പിനെ വെല്ലുന്ന സനു മോഹൻ, പോലീസിനെ വെട്ടിച്ച് മൂകാംബികയിൽ നിന്നും മുങ്ങിയെന്ന്  സംശയം
കൊച്ചി , ശനി, 17 ഏപ്രില്‍ 2021 (11:27 IST)
ദുരൂഹതകള്‍ ബാക്കിയാക്കി സനു മോഹനായുള്ള തെരച്ചില്‍ തുടരുകയാണ്. സനു മോഹന്‍ ജീവിച്ചിരിപ്പുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. സനു മോഹന്‍ മറ്റൊരു സുകുമാരക്കുറുപ്പ് ആകുമോ എന്ന് പോലും പൊലീസിനിടയില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. 
 
സംഭവങ്ങളുടെ തുടക്കം
 
കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലാണ് സനു മോഹനും കുടുംബവും താമസിച്ചിരുന്നത്. സനു മോഹനെയും മകള്‍ വൈഗയെയും മാര്‍ച്ച് 21 നാണ് ഫ്‌ളാറ്റില്‍ നിന്നു കാണാതായത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ആക്കിയ ശേഷമാണ് സനു മോഹനും വൈഗയും ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. പിന്നീടാണ് ഇരുവരെയും കാണാതാകുന്നത്. സനു മോഹനെയും വൈഗയെയും കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. 
 
വൈഗയുടെ മൃതദേഹം കണ്ടെത്തി
 
സനു മോഹനൊപ്പം കാണാതായ മകള്‍ വൈഗയുടെ മൃതദേഹം മാര്‍ച്ച് 22 നു കണ്ടെത്തി. മുട്ടാര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ നിന്നു ഇരുവരെയും കാണാതായ ദിവസം രാത്രി ഒന്‍പതരയോടെ വൈഗയെ പുതപ്പില്‍ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹന്‍ കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. വൈഗയ്‌ക്കൊപ്പം സനു മോഹനും മരിച്ചുകാണുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. ആ രീതിയിലാണ് അന്വേഷണം പൊലീസ് മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും സനു മോഹന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ തൃക്കാക്കര പൊലീസ് സനു മോഹന്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന നിഗമനത്തിലേക്ക് എത്തി. വൈഗയുടേത് മുങ്ങിമരണം തന്നെയാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്‍ ഉള്‍പ്പെടെയുള്ള ആരെങ്കിലും വൈഗയെ അപായപ്പെടുത്തിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
കേസ് സങ്കീര്‍ണമാകുന്നു
 
സനു മോഹന്റെ ഫ്‌ളാറ്റില്‍ നിന്നു ലഭിച്ച തെളിവുകള്‍ കേസ് സങ്കീര്‍ണമാക്കി. ഫ്‌ളാറ്റില്‍ നിന്നു രക്തക്കറയുള്‍പ്പെടെയുള്ള തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. ഈ രക്തം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. സനു മോഹന്റെയോ വൈഗയുടെയോ ആണോ ഈ രക്തക്കറയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവര്‍ രണ്ട് പേരുടെയും അല്ലെങ്കില്‍ പൊലീസ് വലയും. ഇവരെ കൂടാതെ മറ്റാരോ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു എന്ന് കരുതേണ്ടിവരും. അങ്ങനെയാണെങ്കില്‍ അത് ആരായിരിക്കുമെന്ന് കൂടി പൊലീസ് അന്വേഷിക്കേണ്ടി വരും. 
 
അതേസമയം, സനു മോഹന്റെ കാര്‍ വാളയാര്‍ കടന്നതായും കോയമ്പത്തൂര്‍ സുഗുണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. സനു തന്നെയാണോ കാര്‍ ഓടിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൃക്കാക്കര പൊലീസ് ചെന്നൈയില്‍ അന്വേഷണം നടത്തുന്നുണ്ട്. സനു മോഹനായി തെരച്ചില്‍ നോട്ടീസ് പുറത്തിറക്കി. സനു സഞ്ചരിച്ചതായി സംശയപ്പെടുന്ന കാര്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. 
 
കോയമ്പത്തൂരിലും ചെന്നൈയിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ആളാണ് സനു മോഹന്‍. ഇതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. പണമിടപാട് നടത്തുന്ന ആരെങ്കിലും സനുവിനെ അപായപ്പെടുത്തി വാഹനവുമായി കടന്നുകളഞ്ഞതാണോ എന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് പിടിക്കാതിരിക്കാന്‍ വാഹനം പൊളിച്ചുമാറ്റിയേക്കാം എന്ന സംശയവും തള്ളിക്കളയുന്നില്ല. 
 
മകളെ വകവരുത്തി കടന്നു കളഞ്ഞതാണെങ്കില്‍ കണ്ടെത്തുന്നതിനായി പൊലീസ് സനുവിന്റെ വിവിധ രൂപത്തിലുള്ള രേഖാ ചിത്രങ്ങള്‍ തയാറാക്കി പ്രചരിപ്പിക്കുന്നുണ്ട്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ തിരുവനന്തപുരം പൂവാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത് സനുവിന്റേതാണോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, അത് സനുവിന്റേതല്ലെന്ന് പിന്നീട് പൊലീസിന് വ്യക്തമായി. 
 
സനുവിന്റെ ഫോണ്‍ കോളുകളും സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സനു മോഹനെ ജീവനോടെ ലഭിച്ചാല്‍ മാത്രമേ സത്യാവസ്ഥ പുറംലോകം അറിയൂ. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട ചുരുളഴിക്കാന്‍ പൊലീസിന് ഇനിയും കാത്തിരിക്കേണ്ടിവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹൃദയം നുറുങ്ങിയ അച്ഛന്‍; ഒടുവില്‍ വിവേകും യാത്രയായി