സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത അറിയിച്ചു. ഇതോടൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും.
ഇതിനായി എ. ഡി. ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. ചില കടലാസുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും ചില സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് സാന്‍വിച്ച് ബ്ളോക്കിലെ രണ്ടാം നിലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ചെറിയ തീപിടിത്തം ഉണ്ടായത്.